കുട്ടികളുടെ നല്ല ആരോഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളോട്; ഓർമ്മശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം
കുട്ടികളുടെ നല്ല ആരോഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുകയാണ് രക്ഷിതാക്കൾ. കുട്ടിയുടെ ഓർമ്മശക്തി വർധിപ്പിക്കാനും, പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഒരു ജ്യൂസ് ഉണ്ട്. എബിസി ജ്യൂസ്. ഈ പാനീയം പോഷകഗുണങ്ങൾ നിറഞ്ഞതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ സാധിക്കും.
കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. നിറവും സ്വാഭാവികമായുള്ള മധുരവും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതാണ്. അതിനാൽ അവരെ കഴിപ്പിക്കാനും ബുദ്ധിമുട്ടില്ല.ആരോഗ്യപ്രദവും പ്രകൃതിദത്തവുമാണ് എബിസി ജ്യൂസ് .എബിസി ജ്യൂസ് എന്നും കുടിക്കുന്നത് ആരോഗ്യവിദഗ്ധർ പൂർണമായും പിന്തുണയ്ക്കുന്നില്ല. സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണമെന്നും നിർദേശമുണ്ട്. 3 വയസിനും 12 വയസിനുമിടയിലുള്ള കുട്ടികൾക്ക് ഒരുതവണ 100 മുതൽ 150 മില്ലി ലിറ്റർ വരെ ജ്യൂസ് കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് രാവിലെ തയ്യാറാക്കിയ ഉടൻ കുടിക്കേണ്ടതാണ്.
നൈട്രേറ്റുകൾ കൂടുതലുള്ള ബീറ്റ്‌റൂട്ട് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ന്യൂറോളജിക്കൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും നാഡീവ്യവസ്ഥയുടെ വികാസത്തിന് വളരെയധികം സഹായിക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ നിറഞ്ഞിരിക്കുന്ന എബിസി ജ്യൂസ് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ആപ്പിളും കാരറ്റും വിറ്റാമിൻ സിയുടെയും ഉറവിടങ്ങളാണ്. അതിനാൽ രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായകമാണ് ജ്യൂസിലുള്ള ഉയർന്ന ഫൈബർ സ്വാഭാവിക ദഹനത്തെ സഹായിക്കുന്നു. കാരറ്റിൽ കാണപ്പെടുന്ന ഒരു തരം നാരുകൾ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.