സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു


റിയാദ്: സൗദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ചക്കിട്ടപ്പാറ സ്വദേശിയായ യുവാവ് മരിച്ചു. ചക്കിട്ടപാറ പുരയിടത്തില്‍ തോമസിന്റെ മകന്‍ ജോയല്‍ തോമസ് (28) ആണ് മരിച്ചത്. അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ നാലുപേരാണ് മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അല്‍ബാഹയില്‍നിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത്. വാഹനം മറിഞ്ഞ് തീപിടിച്ച് എല്ലാവരും തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നു.

ചക്കിട്ടപ്പാറ സ്വദേശിയായ യുവാവുള്‍പ്പെടെ മരിച്ച നാലുപേരും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. ഫോട്ടോഗ്രാഫറായ ജോയല്‍ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയിലേക്ക് പോയത്. മോളി മാതാവും ജോജി സഹോദരനുമാണ്.