സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഉള്‍പ്പടെ എംഡിഎംഎ വില്പന; പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്രയില്‍ എം.ഡി.എം.എ യുമായി ലഹരി വില്പനക്കാരനായ യുവാവ് പിടിയില്‍. കടിയങ്ങാട് തെക്കേടത്ത് കടവ് സ്വദേശി മേലേടത്ത് ഒ.പി സുനീറാണ് പോലീസിന്റെ പിടിയിലായത്. ലഹരി വില്പന നടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തെക്കേക്കടവ് വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും മാരക മയക്കുമരുന്നായ 11.500 ഗ്രാം എം.ഡി.എം.എ യും സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പ്രതി സ്ഥിരമായി വന്‍തോതില്‍ എം.ഡി.എം.എ വില്‍പന നടത്തുന്നയാളാണെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് ലഹരി വില്പനക്കാരുടെ ശല്യം വര്‍ധിച്ചതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചിരുന്നു.
ഇന്നലെ ഇയാള്‍ ലഹരി വില്പനയ്ക്കായി ഇറങ്ങിയപ്പോള്‍ തെക്കേകടവ് വെച്ച് നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധ സ്‌ക്വാഡ്, സബ് ഇന്‍സ്‌പെക്ടര്‍ ഷെമീര്‍ പി. യും സംഘവും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗങ്ങളും എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രതി എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും, നിരവധി ചെറുപ്പക്കാരെ ലഹരിക്ക് അടിമയാക്കി ഡി അഡിക്ഷൻ സെൻററുകളിൽ എത്തിച്ചെന്നും നാട്ടുകാർ ഇയാൾക്കെതിരെ നേരത്തേ പരാതി നൽകിയിരുന്നു.
്ഒരാഴ്ചയായി ലഹരി വിരുദ്ധ സ്‌ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ അടുത്ത ബന്ധുവും അയല്‍വാസിയുമായ റാഫി എന്ന കോമ്പി റാഫിയെ കഴിഞ്ഞ ദിവസം എം.ഡി.എം.എ സഹിതം പോലീസ് പിടികൂടി ജയിലിലടച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി അറിയിച്ചു.