പഞ്ചസാരയൊരു പഞ്ചാരയാണെങ്കിലും അമിതോപയോഗം ആപത്താണേ; മധുരപ്രിയര്‍ക്ക് ഒരു താക്കീത്


Advertisement

മധുരപ്രേമികളുടെ ചങ്ക് തകര്‍ക്കുന്ന കാര്യങ്ങളാണ് ഈ അടുത്തിടെ ആരോഗ്യരംഗത്ത് പഞ്ചസാരയെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നത്. പ്രമേഹരോഗകാരിയെന്നും പുഴുപ്പല്ലുണ്ടാക്കുന്നവനെന്നുമൊക്കെയുള്ള ചീത്തപ്പേര് നേരത്തേ ഉണ്ടെങ്കിലും ഇപ്പോള്‍ പുതിയ പല ആരോഗ്യപ്രശ്‌നങ്ങളിലും പഞ്ചസാരയുടെ തലയിലായിട്ടുണ്ട്.

നിത്യവും രണ്ടും മൂന്നും കപ്പും അധിലധികവും ചായയും കാപ്പിയുമൊക്കെ കുടിച്ച് ശീലിച്ച നമ്മളെ സംബന്ധിച്ച് പഞ്ചസാരയെ പാടേ ബഹിഷ്‌ക്കരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പഞ്ചസാരയുടെ അമിതോപയോഗം വഴിവെക്കുന്നതെന്ന് നമുക്ക് നോക്കാം.

Advertisement

പഞ്ചസാരയുടെ അമിതമായ ഉപയോഗം കാരണം പ്രധാനമായും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പല്ലുകളിലെ കേടുപാടുകള്‍. ഏറ്റവുമധികം മിഠായികളും മറ്റും കഴിക്കുന്ന കുട്ടികളായതുകൊണ്ട് അവര്‍ക്കാണ് പല്ലുസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം വരുന്നത്. പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് മോണയുടെ വീക്കത്തിനും കാരണമാകുന്നുണ്ട്. പഞ്ചസാരയുടെ അളവില്‍ നിയന്ത്രണം കൊണ്ട് വന്നാല്‍ വലിയൊരു പരിധിവരെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.

ഹൃദയത്തിന്റെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പഞ്ചസാര. അമിതമായി പഞ്ചസാര ഉപയോഗിക്കുമ്പോള്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി ഉയരും. ഇത് രക്തസമ്മര്‍ദ്ദവും, ഹൃദയമിടിപ്പും വര്‍ദ്ധിപ്പിച്ച് ഹൃദയോരോഗ്യത്തെ താറുമാറാക്കും. കൂടാതെ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനും ഓര്‍മക്കുറവിലേക്ക് നയിക്കാനും പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം കാരണമാകുമെന്നാണ് കണ്ടെത്തല്‍.

Advertisement

മനുഷ്യര്‍ക്ക് ഏറെ പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. നമ്മുടെ മാനസിക ശാരീരികാരോഗ്യത്തിന് സുഖകരമായ ഉറക്കം അനിവാര്യമാണ്. രാത്രിയില്‍ പഞ്ചസാര കൂടുതലായി ഉപയോഗിച്ചാല്‍ അത് നിങ്ങളില്‍ അമിതമനായി ഊര്‍ജ്ജം പ്രൊഡ്യൂസ് ചെയ്യുകയും രാത്രിയിലെ ഉറക്കം കുറയാന്‍ ഇടയാക്കുകയും ചെയ്യും. ഇത് നിങ്ങളെ കൊണ്ടെത്തിക്കുക കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്കാണ്. പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നതിലൂടെ രാത്രിയിലെ ഉറക്കം വീണ്ടെടുക്കാന്‍ സാധിക്കും.

Advertisement

പഞ്ചസാരയും ശുദ്ധീകരിച്ച ധാന്യങ്ങളും കൂടുതലായി ഉപയോഗിക്കുന്നത് കാരണം ചിലരില്‍ ഉത്കണ്ഠ, ക്ഷോഭം, തുടങ്ങിയ മാനസികാവസ്ഥകള്‍ അനിയന്ത്രിതമായ അളവില്‍ അനുഭവപ്പെടാനിടയുണ്ട്. അമിതമായ പഞ്ചസാരയുടെ ഉപയോഗം ചര്‍മ്മത്തില്‍ സെബം അധികമായി ഉല്‍പ്പാദിപ്പിക്കുകയും ഇത് വഴി മുഖക്കുരു ഉണ്ടാവുന്നതിന് കാരണമായിത്തീരുകയും ചെയ്യും. നോണ്‍ ആല്‍ക്കഹോളിക്ക് കരള്‍ രോഗത്തിനും പഞ്ചസാരയുടെ അമിതോപയോഗം കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.

ഇത്തരത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും രക്ഷനേടാന്‍ ഭക്ഷണത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വഴി സാധിക്കും. നേരിട്ട് ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവ് മാത്രമല്ല, അതോടൊപ്പം പഞ്ചസാര അടങ്ങുന്ന മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്, ശീതള പനീയങ്ങള്‍, ശുദ്ധീകരിച്ച പഞ്ചസാര എന്നിവയും ഒഴിവാക്കണം. ഇന്ന് പലരും ഡയറ്റിന്റെയും മറ്റും ഭാഗമായും പൊണ്ണത്തടിയില്‍ നിന്ന് രക്ഷനേടാനുമൊക്കെ പഞ്ചസാരയോട് നോ പറയാന്‍ ശീലിച്ചിട്ടുണ്ട്