ലഹരി ആപത്താണ്; വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കൊയിലാണ്ടിയില്‍ ജാഗ്രത പരേഡുമായി ഡി.വൈ.എഫ്.ഐ


കൊയിലാണ്ടി: വര്‍ദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ജാഗ്രത പരേഡ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് 6 മണിയോടെ മുത്താമ്പി റോഡില്‍ നിന്നാരംഭിച്ച പരേഡ് നഗരം ചുറ്റി യു.എ ഖാദര്‍ സാംസ്‌കാരിക പാര്‍ക്കില്‍ സമാപിച്ചു.

സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഏറ്റവും കൂടുതല്‍ ലഹരി എത്തിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികളെയും യുവാക്കളെയും മറ്റും കേന്ദ്രീകരിച്ച് വ്യാപകമായി വില്‍പ്പന നടന്നുവരുന്നുണ്ടെന്നും ഇവ തടയാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ലഹരി വ്യാപനം തടയുന്നതിനായി ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ഓട്ടോ ഡ്രൈവര്‍മ്മാര്‍, കച്ചവടക്കാര്‍, അമ്മമാര്‍, നാട്ടുകാര്‍ തുടങ്ങിയവരെ ഉള്‍ക്കൊള്ളിച്ച് ജാഗ്രതാ സമതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് സതീഷ് കോവൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിജീഷ് സ്വാഗതം പറഞ്ഞു.
ഇ ബിജോയ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍ ബിജീഷ് ,കെ.കെ സതീഷ് ബാബു, ജാന്‍വി കെ സത്യന്‍, പി.വി അനുഷ എന്നിവര്‍ സംസാരിച്ചു.

Summary: A vigilance parade was organized under the leadership of DYFI in Koyilandy against the increasing prevalence of drug addiction.