അതിശക്തമായ കാറ്റ്: അരിക്കുളത്ത് തൊഴിലുറപ്പ് പണിക്കിടെ മരക്കൊമ്പ് വീണ് വയോധികയ്ക്ക് നട്ടെല്ലിന് പരിക്ക്


അരിക്കുളം: അരിക്കുളത്ത് തൊഴിലുറപ്പ് പണിക്കിടെ ശക്തമായി വീശിയ കാറ്റില്‍ മരക്കൊമ്പ് വീണ് തൊഴിലുറപ്പ് തൊഴിലാളിയ്ക്ക് പരിക്ക്. വടക്കേ പറമ്പില്‍ നാരായണി (62) ക്ക് ആണ് നട്ടെല്ലിന് പരിക്കേറ്റത്. ഇന്നലെ 11.30 തോടെയാണ് സംഭവം. അരിക്കുളം ഒന്നാം വാര്‍ഡിലെ കാളിയത്തമുക്ക് പൂതേരിപ്പാറയില്‍ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെ ശക്തമായ കാറ്റില്‍ പറമ്പിലെ തേക്ക് മരംകടപുഴകി വീഴുകയായിരുന്നു.

കാറ്റ് വീശുന്നത് കണ്ടു ഓടികയറുന്നതിനിടയിലായിരുന്നു അപകടം. തേക്കിന്റെ വലിയ കമ്പ് നാരായണിയുടെ പുറംഭാഗത്ത് വന്ന് വീഴുകയായിരുന്നെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സംഭവത്തില്‍ നാരായണിയുടെ നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്.

ഉടനെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് നാരായണിയെ അരിക്കുളം ആശുപത്രിയിയില്‍ എത്തിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അരിക്കുളം ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സ്‌കാനിംങിലാണ് നട്ടെല്ലിന് പൊട്ടലുളളതായി കണ്ടെത്തിയത്. ആറുമാസം വിശ്രമമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വില്ലേജ് ഓഫീസറും മറ്റ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.