കിഴരിയൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


കിഴരിയൂര്‍: കിഴരിയൂരില്‍ ലോഡുമായി വന്ന ടിപ്പര്‍ ലോറി മറിഞ്ഞു. അപകടത്തില്‍ കിഴരിയൂര്‍ സ്വദേശിയായ ഡ്രൈവര്‍ ഷൈജലിന് സാരമായ പരിക്കേറ്റു. തത്തംവെള്ളി പൊയിലില്‍ വെച്ച് ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

ലോഡിങ് തൊഴിലാളിയായിരുന്ന കിഴരിയൂര്‍ സ്വദേശി അരുണ്‍ ലോറിയുടെ പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കണ്ണൂരില്‍ നിന്ന് കിഴരിയൂരിലേക്ക് വെട്ടുകല്ലുമായി വന്ന ടിപ്പര്‍ ലോറി തച്ചം വെള്ളി പൊയിലില്‍ വെച്ച് മറിയുകയായിരുന്നു.

കയറ്റം കയറുന്നതിനിടെ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നുവെന്നും ലോഡിങ് തൊഴിലാളി പുറത്തായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായതെന്നും പ്രദേശവാസി ചെറുവത്ത് മീത്തല്‍ രാഗേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.