മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ വിഫലം; കണ്ണൂർ പെരിങ്ങത്തൂരില്‍ കിണറില്‍ നിന്ന്‌ വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു


കണ്ണൂര്‍: പെരിങ്ങത്തൂരില്‍ കിണറ്റില്‍ നിന്നും വനം വകുപ്പ് പുറത്തെടുത്ത പുലി ചത്തു. മയക്കുവെടി വച്ച് പുറത്തെത്തിച്ച് കൂട്ടിലാക്കി അല്‍പസമയം കഴിയും മുമ്പാണ് പുലി ചത്തത്. ഇന്ന് രാവിലെ 10മണിയോടെ സൗത്ത് അണിയാരം എല്‍.പി സ്‌കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന മലാല്‍ സുനീഷിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്.

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. തുടര്‍ന്ന്‌ ചൊക്ലി പൊലീസ്, പാനൂര്‍ ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ വൈകിട്ട് 4.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌. വനം വകുപ്പിന്റെ വയനാട്ടില്‍ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. വെറ്ററിനറി സര്‍ജന്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു മയക്കുവെടി വച്ചത്.

കിണറ്റിനുള്ളില്‍ വലയിറക്കിയശേഷം പുലിയെ അതിനുള്ളില്‍ കയറിട്ട്‌ പകുതി ദൂരം ഉയര്‍ത്തിയ ശേഷമായിരുന്നു മയക്കുവെടി വച്ചത്. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ മയക്കുമരുന്ന് കുത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് കൂട്ടിലേക്ക് മാറ്റി പരിശോധനകള്‍ക്കായി കണ്ണവത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കൂട്ടിലാക്കി അല്‍പസമയം കഴിയും മുമ്പേ പുലി ചത്തു. പുറത്തെത്തിക്കുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു പുലി.

രണ്ടരണ്ടരമീറ്ററിലധികം വെള്ളമുള്ള കിണര്‍ വറ്റിച്ച ശേഷമായിരുന്നു രക്ഷാപ്രവര്‍ത്തനം. പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം നാളെ വയനാട്ടില്‍ വച്ച് നടത്തും. ശേഷം മാത്രമേ മരണകാരണം വ്യക്തമാക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് വനം വകുപ്പ് പറഞ്ഞു. കിണറില്‍ വീഴുന്നതിനിടയില്‍ പുലിക്ക് കാര്യമായി പരിക്ക് പറ്റിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അതേ സമയം, പെരിങ്ങത്തൂര്‍ പോലൊരു സ്ഥലത്ത് പുലി എങ്ങനെയെത്തി എന്ന സംശയത്തിലാണ് നാട്ടുകാര്‍. പെരിങ്ങത്തൂര്‍ പുഴ കടന്നായിരിക്കാം പുലി എത്തിയതെന്നാണ് ഡിഎഫ്ഒ പറയുന്നത്.