കയറാൻ ശ്രമിക്കുന്നതിനിടെ വാതിലടഞ്ഞ് കാലും കയ്യും ബസിനുള്ളിലായി, ചോദ്യം ചെയ്തപ്പോൾ അപമര്യാദയായി പെരുമാറി; സ്വകാര്യ ബസിനെതിരെ പരാതിയുമായി ആനക്കുളം സ്വദേശിനിയായ വിദ്യാർത്ഥിനി


കൊയിലാണ്ടി: കേളേജിലേക്ക് പോകുന്നതിനായി സ്വകാര്യ ബസിൽ കയറിയ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറിയതായി പരാതി. കോഴിക്കോട്- കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സിറ്റി ഫ്ലവർ ലിമിറ്റഡ് സ്റ്റോപ് ബസിലെ ജീവനക്കാരാണ് ആനക്കുളം സ്വദേശിനിയായ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്. ഇന്നലെ രാവിലെ 7.50 ഓടെയാണ് സംഭവം.

കോളേജിലേക്ക് പോകാനായി ആനക്കുളം ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. കോഴിക്കോട് ഭാ​ഗത്തേക്ക് പോകുന്ന സിറ്റി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസിന്റെ ഡോർ അടഞ്ഞ് വിദ്യാർത്ഥിനിയുടെ ഒരു കാലും കയ്യും ബസിനുള്ളിലായി. യാത്രക്കാരും മറ്റ് കുട്ടികളും ഒച്ചവെച്ചോടെയാണ് ഡോർ തുറന്ന് നൽകിയത്.

ഇതേ ബസിൽ യാത്ര തുടർന്ന വിദ്യാർത്ഥിനി തനിക്ക് നേരിട്ട ദുരനുഭവത്തിന്റെ കാരണം കണ്ടക്ടറോട് ചോ​ദിച്ചു. എന്നാൽ മോശമായ രീതിയിലായിരുന്നു കണ്ടക്ടറുടെ മറുപടി. മനപൂർവം അടച്ചതല്ലെന്നും കെെ തട്ടി ഡോർ താനെ അടഞ്ഞതാണെന്നുള്ള ന്യായീകരണമായിരുന്നു കണ്ടക്ടർ നൽകിയത്. ബസ് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും ജീവനക്കാർ തയ്യറായില്ല. പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയിട്ട് നീ എന്ത് കാണിക്കാനാണ് തുടങ്ങിയ പദപ്രയോ​ഗങ്ങളിലൂടെ പെൺകുട്ടിയെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് വിദ്യാർത്ഥിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോളേജിൽ നിന്ന് മടങ്ങിയെത്തിയ പെൺകുട്ടി വെെകീട്ട് കൊയിലാണ്ടി പോലീസിനെ സമീപിക്കുകയായിരുന്നു. എസ്.ഐ ശ്രീലേഷിന്റെ നിർദേശപ്രകാരം ആദ്യം മാനേജരും പിന്നീട് ജീവനക്കാരും സ്റ്റേഷനിൽ ഹാജരായി. പിന്നാലെ ബസും സ്റ്റേഷനിലെത്തിച്ചു.

ഡോറിൽ കുടുങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ കാലിന് പരിക്കേറ്റിരുന്നു. ബസ് ജീവനക്കാർക്ക് വിദ്യാർത്ഥികളോടുള്ള മോശം സമീപനമാണ് സ്റ്റേഷനിലെത്തി പരാതി നൽകുന്നതിലേക്ക് തന്നെ നയിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു. പുറക് വശത്ത് ആരും ഉണ്ടായിരുന്നില്ല, അതിനാലാണ് അതുവഴി കയറാൻ ശ്രമിച്ചത്. വിദ്യാർത്ഥികളാണെന്ന് മനസിലായതോടെയാണ് ഡോർ അടഞ്ഞത്. തെറ്റ് അവരുടെ ഭാ​ഗത്താണെന്ന് സമ്മതിക്കാനോ, എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കാനോ ഉള്ള മര്യാദ ജീവനക്കാർ കാണിച്ചില്ലെന്നും വിദ്യാർത്ഥിനി ആരോപിച്ചു. സ്റ്റോപ്പിലുണ്ടായിരുന്ന അധ്യാപകനും സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ യു നല്ല രീതിയിലാണ് പെരുമാറിയതെന്നും വിദ്യാർത്ഥിനി പറഞ്ഞു.

അവകാശപ്പെട്ട യാത്രയാണ് ഞങ്ങൾ നടത്തുന്നത്. അതിന് നിശ്ചയിക്കപ്പെട്ട നിരക്കും നൽകുന്നുണ്ട്. എന്നാൽ കൺസെഷനിൽ യാത്ര ചെയ്യുന്ന കുട്ടികൾ പലപ്പോഴും ഭയത്തോടെയാണ് യാത്ര ചെയ്യുന്നതെന്ന് വിദ്യാർത്ഥിനി പറയുന്നു. കൃത്യമായ രേഖകൾ നൽകിയാലും മോശമായാണ് പല ബസ് ജീവനക്കാരും പെരുമാറുന്നത്. ബാക്കി തുക പലപ്പോളും ബസുകാര് നൽകാറില്ല. ബസ് ജീവനക്കാർ ആയാൽ എന്തും ചെയ്യാമെന്നാണ് പലരുടെയും ചിന്തയെന്നും വിദ്യാർത്ഥിനി ആരോപിച്ചു.