കൊടുവളളിയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സ്ലാബ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം


കൊടുവള്ളി: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. ആറങ്ങോട് അയ്യപ്പന്‍കാവില്‍ മനോജിന്റെ മകന്‍ അഭിന്‍ ദേവ് (14) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

വീടിന്റെ മുകളിലത്തെ നിലയുടെ പണി നടക്കുന്നുണ്ടായിരുന്നു. പണിക്കാര്‍ പണി നിര്‍ത്തി പോയ ശേഷം കുട്ടി വീടിന്റെ പോര്‍ച്ചിന് മുകളില്‍ കയറി വൃത്തിയാക്കുന്നതിനിടയില്‍ നിര്‍മാണം നടക്കുന്ന മുകളിലത്തെ നിലയിലെ സണ്‍ഷേഡ് തകര്‍ന്നുവീഴുകയായിരുന്നു.

ഉടനെ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് അഭിന്‍ദേവിനെ സ്ലാബിന് അടിയില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും. ശോഭനയാണ് അഭിന്‍ ദേവിന്റെ അമ്മ. സഹോദരങ്ങള്‍: അമല്‍ ദേവ്, അതുല്‍ ദേവ്.