കാപ്പാട് തകര്‍ന്ന തീരദേശ റോഡിന് പരിഹാരം; പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍, രൂപരേഖ തയ്യാറായി
കൊയിലാണ്ടി: കാപ്പാട് തീരത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ഉടന്‍ തീരദേശ റോഡ് പ്രവര്‍ത്തി ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. തീരദേശ റോഡ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനത്തില്‍ ജമീല എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രവര്‍ത്തിയുടെ രൂപരേഖ തയ്യാറായെന്നും തുടര്‍നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. തീരദേശ മേഖലയെ വളരെ പ്രാധാന്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്തെ തീരദേശത്തെ പത്ത് ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് കാപ്പാട് തീരം.
താല്‍ക്കാലികമായി ഒരു റോഡ് നിര്‍മിച്ചാല്‍ വീണ്ടും തകരാന്‍ ഇടയാകും. അതു കൊണ്ടാണ് കേന്ദ്ര ഏജന്‍സിയായ നാഷനല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ ഈ മേഖലയില്‍ ഗൗരവതരമായ പഠനം നടത്തിയത്. ഈ സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിംഗ് വിഭാഗം ഡി പി ആര്‍ തയ്യാറാക്കുകയും അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്യും. ഇതിനായി ബന്ധപ്പെട്ട വകുപ്പിന്
ഉത്തരവു നല്‍കിയിട്ടുണ്ട്.
വളരെ വേഗതയില്‍ തന്നെ ഭരണാനുമതി ലഭ്യമാക്കാനും ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനും സാധിക്കുമെന്നും താല്‍ക്കാലിക പരിഹാരമല്ല, സ്ഥിരമായ പ്രശ്‌ന പരിഹാരമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചെങ്ങോട്ടുകാവ് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാര്‍ ബേബി സുന്ദര്‍രാജ് എന്നിവര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.