പൊലീസ് കൈകാട്ടി കാര്‍ നിര്‍ത്തിച്ചു, യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാറിലേക്ക് തീപടര്‍ന്നു; കുഞ്ഞിപ്പള്ളിയില്‍ നിന്നുള്ള വീഡിയോ കാണാം
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മാഹി ബൈപ്പാസിൽ നിന്നും കുഞ്ഞിപ്പള്ളി ദേശീയ പാതയിലേക്ക് ലൈറ്റില്ലാതെ ഓടിച്ച് വന്ന കാർ എസ്കോർട്ടിനായ് നിർത്തിയിട്ട വടകര പൊലീസിന്റ ശ്രദ്ധയിൽ പെടുകയും പൊലീസ് കൈകാട്ടി കാറ് നിർത്തിക്കുകയുമായിരുന്നു. ഇതിനിടെ കാറിന് ചുവടെ തീ കാണുകയും ഉടനെ കാറിലുള്ളവർ പുറത്ത് ഇറങ്ങുകയുമായിരുന്നു. ഉടനെ തീപടർന്ന് കാർ പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ ടി ഹാരിസിന്റെ ഉടമസ്ഥതയിലുള്ള KL-58 U 8079 ഹ്യൂണ്ടായി ഏറ്റ്യൂസ് ലിവ കാറാണ് കത്തി നശിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.