പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍പുരക്ക് തീപിടിച്ചു; നിരവധി റബ്ബര്‍ഷീറ്റുകള്‍ കത്തിനശിച്ചു


പേരാമ്പ്ര: പേരാമ്പ്രയില്‍ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് പുരയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹൈസ്‌കൂള്‍ റോഡില്‍ കിഴിഞ്ഞാണ്യം ഗീതാഞ്ജലിയില്‍ ബാലകൃഷ്ണന്‍ എന്നിവരൂടെ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ഷീറ്റ് പുരയ്ക്കാണ് തീപിടിച്ചത്.

ഉണക്കാനിട്ട റബര്‍ഷീറ്റുകളും തേങ്ങയും ഉള്‍പ്പെടെ തേങ്ങാക്കൂട ഭാഗികമായി കത്തി നശിച്ചു. പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും ഉണ്ടായിരുന്നു. റബ്ബര്‍ ഷീറ്റ് ഉണക്കുന്നതിനായി തീയിട്ടത് തേങ്ങാക്കൂടയിലേക്ക് പടര്‍ന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി റഫീക്കിന്റെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിന്‍ സ്ഥലത്തെത്തി തീയണച്ചു. ഉദ്യോഗസ്ഥരായ കെ. ശ്രീകാന്ത്, പി.ആര്‍ സോജു, കെ.എം ബിജേഷ് അശ്വിന്‍ ഗോവിന്ദ്, ഹൃദിന്‍, കെ. അജേഷ്, എം. ജയേഷ്, ഹോം ഗാര്‍ഡുമാരായ എ.എം രാജീവന്‍, വി.കെ ബാബു എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.