ബാലുശ്ശേരിയില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോളി സ്വദേശി മരിച്ചു


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ബസ് സ്‌ക്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലോളി സ്വദേശി മരിച്ചു. കൂട്ടാലിട പാലോളി സ്വദേശി കൂരിക്കണ്ടി അബ്ദുള്‍ സലാം (50) ആണ് മരിച്ചത്. ജൂണ്‍ 26 ബുധനാഴ്ച വൈകുന്നേരം 7 മണിക്കായിരുന്നു അപകടം നടന്നത്.

അപകടത്തില്‍ സഹയാത്രികനായിരുന്ന ബഷീര്‍ കൂരിക്കണ്ടിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും സ്‌കൂട്ടറില്‍ ബാലുശ്ശേരിയില്‍ നിന്നും പാലോളിയിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പോലീസും ചേര്‍ന്ന് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും വിദഗ്ദ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

പരേതരായ കുഞ്ഞി മമ്മതിന്റെയും ഖദീജയുടെയും മകനാണ് മരിച്ച അബ്ദുള്‍ സലാം. ആരിഫയാണ് അബ്ദുള്‍ സലാമിന്റെ ഭാര്യ.
മക്കള്‍: മുഹമ്മദ് നാജില്‍ (മലബാര്‍ ഗോള്‍ഡ്, കൊല്‍ക്കത്ത), നദ തസ്‌നി (വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍: ആയിഷ (വള്ളിയോത്ത്), നബീസ (കക്കഞ്ചേരി), ഇക്കയ്യ (നരയംകുളം), മജീദ് (കാരടി പറമ്പില്‍), ഫാത്തിമ (കൊല്ലം), സുബൈദ (കക്കഞ്ചേരി).

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിക്കും. ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം പാലോളി ജുമാ മസ്ജിദില്‍ നടക്കും.