കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശം സ്വകാര്യ ബസ്സ് ഓട്ടോയില്‍ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ബസ്സ് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞ് നാട്ടുകാര്‍


കൊയിലാണ്ടി: സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് അപകടം. ഇന്ന് രാവിലെ 9.45 ഓടെ താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. തലശ്ശേരിയിലെക്ക് പോവുകയായിരുന്ന KL 10 A 4574 നമ്പര്‍ ബസ്സാണ് KL 56 L 66 18 നമ്പര്‍ ഓട്ടോയില്‍ ഇടിച്ചത്. അപകടത്തില്‍ പരിക്കേല്‍ക്കാതെ ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇടിച്ച ഉടനെ ബസ്സ് ഓടിച്ച ഡ്രൈവര്‍ മാറിക്കളയുകയും വേറെ ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന് ബസ്സ് എടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ബസ്സ് തടഞ്ഞു. അമിത വേഗതയില്‍ വന്ന് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടയിലാണ് ഓട്ടോയില്‍ ബസ്സ് ഇടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതൊടെ ഗതാഗത കുരുക്ക് രൂക്ഷമായി. ഒടുവില്‍ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു. ബസ്സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊയിലാണ്ടി നഗരത്തിലൂടെ തിരക്കുള്ള സമയത്ത് ബസ്സുകളുടെ മരണപ്പാച്ചിലിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ കൊയിലാണ്ടി പോലീസിനോട് ആവശ്യപ്പെട്ടു.