തിക്കോടി അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം; നാളെ ജനകീയ കണ്‍വെന്‍ഷന്‍ ചേരുന്നു
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍മ്മസമതിയുടെ നേതൃത്വത്തില്‍ നാളെ ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പത്രസമ്മേളനം വിളിച്ചുചേര്‍ത്തു. തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭ പരിപാടികള്‍ രണ്ടുവര്‍ഷം പിന്നിടുകയാണ്.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പി എം.എല്‍.എ, ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് പലവട്ടം നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നിരവധി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
രാജ്യസഭാംഗം പി.ടി ഉഷയുടെ ശ്രമഫലമായി തിക്കോടി ടൗണില്‍ ഒരു മിനി അണ്ടര്‍ പാസ് സ്ഥാപിക്കുന്നതിനായി എന്‍.എച്ച്.എ ഐ ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ഐ.എ.എസ് തത്വത്തില്‍ അംഗീകാരം നല്‍കിയതായി രേഖാമൂലം വിവരം ലഭിച്ചിരുന്നു. ആയതിന് 6.23 കോടി രൂപ ടെന്‍ഡേറ്റീവ് പണം കണക്കാക്കിയതായും ആ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോഴിക്കോട് പ്രോജക്ട് ഡയറക്ടര്‍ സാങ്കേതികമായ കാരണം പറഞ്ഞ് ഈ ഉത്തരവ് പൂര്‍ണമായും നിരാകരിക്കുകയാണുണ്ടായതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
എം.പി യെയോ എം.എല്‍.എ യോ അറിയിക്കാതെ 10/9/2014 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ എന്‍.എച്ച്.എ.ഐ അധികൃതരും വാഗാഡ് കമ്പനിയുടെ ഉദ്യോഗസ്ഥരും 400ലധികം പോലീസുകാരുടെ അകമ്പടിയോടെ തിക്കോടിയിലെത്തി സമരപ്പന്തല്‍ പൊളിച്ചുമാറ്റി, പ്രതിരോധിച്ച നാട്ടുകാരെ തല്ലിച്ചതച്ചു. വടക്ക് പഞ്ചായത്ത് ബസാര്‍ കഴിഞ്ഞാല്‍ തെക്കുഭാഗത്തേക്ക് മൂന്നര കിലോമീറ്റര്‍ സഞ്ചരിച്ച് നന്തി ടൗണില്‍ എത്തിയാല്‍ മാത്രമേ റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പ്രദേശം കിഴക്ക്, പടിഞ്ഞാറ് എന്ന് രണ്ടായി വിഭജിക്കപ്പെടുകയും സമയത്തിന് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ പോകാന്‍ കഴിയാതെ രോഗികളും മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി പോകേണ്ടവരും ബുദ്ധിമുട്ടുകയാണ്.
അടിപ്പാത നിര്‍മ്മിക്കുക മാത്രമാണ് ശാശ്വതമായ പരിഹാരമെന്നും സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.