കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു, തനിയെ നീങ്ങി ഭിത്തിയില്‍ ഇടിച്ചു; കത്തിയത് പേരാമ്പ്ര സ്വദേശിയുടെ കാര്‍


പേരാമ്പ്ര: പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് അരയിടത്ത് പാലത്ത് വെച്ചാണ് സംഭവം. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതായിരുന്നു.

കാറില്‍ നിന്നും ആദ്യം പുകയുയരുകയായിരുന്നു. പെട്ടെന്നുതന്നെ പുക തീയായി കത്തുകയും കാറിന്റെ മുന്‍ഭാഗത്തിന് തീപിടിക്കുകയുമായിരുന്നു. സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

റോഡരികില്‍ നിര്‍ത്തിയ വാഹനം തീപിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങിയതിനാലാണ് തീപിടിച്ചതെന്നതിനാല്‍ ആര്‍ക്കും പരിക്കില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു.