തൃശ്ശൂരില്‍ കിണറ്റില്‍ വീണ് ഒന്നരവയസ്സുകാരി മരിച്ചു


കടങ്ങോട് (തൃശ്ശൂര്‍): തൃശ്ശൂരില്‍ ഒന്നരവയസുകാരി കിണറ്റില്‍ വീണുമരിച്ചു. ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ശനിയാഴ്ച രാത്രി 11 നാണ് സംഭവം. മുളയ്ക്കല്‍ സുരേഷ് ബാബുവിന്റേയും ജിഷയുടേയും മകള്‍ അമേയയാണ് മരിച്ചത്.

വീട്ടിനകത്തും മുറ്റത്തും കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരഞ്ഞുനോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറിന്റെ വല മാറിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കിണറ്റിലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.


കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. കിണറിന് ആള്‍മറയുണ്ടെങ്കിലും മുകളിലെ പറമ്പിലേക്ക് പോകുന്നതിന് ആള്‍മറയോട് ചേര്‍ന്ന് ചെറിയ പടവുകളുണ്ട്. ഈ വഴിയാകാം കുട്ടി പോയതെന്ന് കരുതുന്നു. എരുമപ്പെട്ടി പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.