”സുഹൃത്തെ, നിങ്ങളുടെ പേഴ്‌സ് കിട്ടിയിട്ടുണ്ട്, സ്‌റ്റേഡിയത്തിന് പുറത്ത് നിന്ന് കിട്ടിയതാണ്, നിങ്ങള്‍ക്ക് കിട്ടിയോ എന്നറിയാന്‍ സന്തോഷത്തിന് എന്തെങ്കിലും അവിടെ വെക്കണം” കൊയിലാണ്ടിയില്‍ നിന്നും നഷ്ടപ്പെട്ട പേഴ്‌സ് തുറയൂര്‍ സ്വദേശിക്ക് തിരികെ കിട്ടി, സംഭവം ഇങ്ങനെ
കൊയിലാണ്ടി: സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായെത്തിയതാണ് തുറയൂര്‍ സ്വദേശി യാസിര്‍. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന പേഴ്‌സ് നഷ്ടമായതെന്ന് അറിഞ്ഞത്. പേഴ്‌സിലാകട്ടെ പണവും വിലപ്പെട്ട രേഖകളുമുണ്ടായിരുന്നു. അന്വേഷിച്ച് തളര്‍ന്ന് ആകെ വിഷമിച്ചിരിക്കുമ്പോള്‍ ഇന്ന് ഉച്ചയോടെ യാസിറിനെ തേടി പോസ്റ്റുമാനെത്തി, ഒരു ഇല്ലന്റ് ഏല്‍പ്പിച്ചു. ഇതെന്തായിത് എന്ന അതിശയത്തോടെ പൊളിച്ചുവായിപ്പോള്‍ സംഗതി ഇങ്ങനെയാണ്.
”സുഹൃത്തെ, നിങ്ങളുടെ പേഴ്‌സ് കിട്ടിയിട്ടുണ്ട്. അത് ഞാന്‍ സ്റ്റേഡിയത്തിന്റെ പെട്ടിക്കടയുടെ മുകളില്‍ വെക്കുന്നുണ്ട്. ഹോട്ടലിന്റെ അടുത്തുള്ള കടയാണ്. പേഴ്‌സില്‍ പൈസ ഒന്നും ഇല്ല. സ്റ്റേഡിയത്തിന്റെ പുറത്തുനിന്ന് കിട്ടിയതാണ്. നിങ്ങള്‍ക്ക് കിട്ടിയോ എന്നറിയാന്‍ സന്തോഷത്തിന് എന്തെങ്കിലും അവിടെ വെക്കണം. എന്ന് ഒരു സുഹൃത്ത്”
ഉടന്‍ തന്നെ സഹോദരനെയും സുഹൃത്തുക്കളെയും കൊയിലാണ്ടിയിലേക്ക് പറഞ്ഞുവിട്ടു. സ്റ്റേഡിയത്തിലെ പെട്ടിക്കടയുടെ മുകളില്‍ അല്പം പരതിയെങ്കിലും സാധനം കിട്ടി. പേഴ്‌സിലെ പണം നഷ്ടമായിട്ടുണ്ട്, രേഖകളെല്ലാം ഭദ്രമായി അതില്‍തന്നെയുണ്ട്.
” പെട്ടിക്കടയില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ലെന്നാണ് പറഞ്ഞത്. കളഞ്ഞുകിട്ടിയ ആരെങ്കിലുമാണെങ്കില്‍ കടയില്‍ ഏല്‍പ്പിച്ചല്ലേ പോകൂ, എനിക്ക് തോന്നുന്നത് അത് കള്ളന്‍ തന്നെയാണ്, മാനസാന്തരപ്പെട്ട് പേഴ്‌സ് തിരിച്ചുതന്നതാവാമെന്നാണ്” പേഴ്‌സ് കിട്ടിയ സന്തോഷം പങ്കുവെച്ച് യാസിര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്തായാലും പേഴ്‌സ് തിരികെ തന്നല്ലോ, നന്ദിയുണ്ട്, പിന്നെ സന്തോഷത്തിന് എന്തെങ്കിലും വയ്ക്കാന്‍ പറഞ്ഞത് അവിടെ വെക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.