ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ തട്ടിയത് 67ലക്ഷം രൂപ; പന്തീരാങ്കാവ് സ്വദേശിയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ പന്തീരാങ്കാവ് സ്വദേശിയുടെ 67 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. വാണിയമ്പാടി വെല്ലൂര്‍ ജൂവ നഗര്‍ മുബഷീര്‍ ഷെയ്ഖിനെ(29)യാണ് സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈയിലാണ് പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്.

വാട്‌സാപ് വഴി ബന്ധപ്പെട്ടാണ് പ്രതി പരാതിക്കാരനുമായി പണമിടപാട് നടത്തിയത്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈന്‍ വഴി മൊത്തം 67 ലക്ഷം രൂപ പലപ്പോഴായി തട്ടിയെടുക്കുകയായിരുന്നു. സൈബര്‍ ക്രൈം പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അങ്കിത് സിങ് നിര്‍ദേശത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എം.വിനോദ് കുമാര്‍, പി.പ്രകാശ്, എസ്സിപിഒ കെ.ആര്‍.ഫെബിന്‍, പി.വി.രതീഷ്, ഷമാന അഹമ്മദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.