50,000 രൂപയുടെ വായ്പക്ക് പയ്യോളി സ്വദേശിക്ക് നഷ്ടമായത് 82,240 രൂപ; വ്യാജ ലോൺ ആപ് തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ
പയ്യോളി: വ്യാജ ലോൺ ആപ് തട്ടിപ്പിൽ പയ്യോളി സ്വദേശിയായ യുാവാവിന് നഷ്ടമായത് 82240 രൂപ. പയ്യോളി സ്വദേശിയായ സായൂജിനാണ് വ്യാജ ലോൺ ആപ്ലിക്കേഷൻ വഴി വായ്പക്ക് അപേക്ഷിച്ചപ്പോൾ പണം നഷ്ടമായത്. സംഭവത്തിൽ പയ്യോളി കറുവക്കണ്ടി മീത്തൽ ശ്രീകാന്തിനെ (38) പോലീസ് അറസ്റ്റ് ചെയ്തു.
സായൂജ് 50000 രൂപ വായ്പക്കാണ് അപേക്ഷിച്ചത്. എന്നാൽ വിവിധ ഘട്ടങ്ങളിലായി 82240 രൂപ നഷ്ടപ്പെടുകയായിരുന്നു. വായ്പ അനുവദിക്കാനായി സിബിൽ സ്കോർ മെച്ചപ്പെടുത്താനും ബിസിനസ് അക്കൗണ്ട് തുടങ്ങാനുമായി ശ്രീകാന്തിന് വിവിധ സന്ദർഭങ്ങളിലായി 82240 രൂപ സായൂജ് കൈമാറിയെന്നാ പരാതി.
സായൂജിന്റെ തുക കൂടാതെ അഞ്ച് ലക്ഷത്തോളം രൂപ പ്രതിയുടെ അക്കൗണ്ടിൽ വന്നതായും കമീഷൻ കഴിച്ചുള്ള ബാക്കിതുക പ്രതി മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് അക്കൗണ്ട് എടുത്തുകൊടുത്ത് സഹായിക്കുന്ന നിരവധിപേർ കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അറസ്റ്റിലായിട്ടുണ്ടെന്നും സൈബർ ക്രൈം പൊലീസിന്റെ സഹായത്തോടെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും പയ്യോളി പൊലീസ് വ്യക്തമാക്കി.