ഫുട്‌ബോളും പച്ചക്കറി കൃഷിയും മാത്രമല്ല, പ്രദീപിന് പൂക്കൃഷിയും വഴങ്ങും; ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി പാലക്കുളം സ്വദേശി



മൂടാടി:
ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥ തീര്‍ത്ത് പാലക്കുളം ഗോപാലപുരം സ്വദേശി സി.എച്ച്. പ്രദീപ്. ഗോപാലപുരത്ത് പത്തുസെന്റ് സ്ഥലത്ത് പ്രദീപ് കൃഷി ചെയ്ത ചെണ്ടുമല്ലിയില്‍ പൂവിഞ്ഞിരിക്കുകയാണ്. ഈ ഓണക്കാലം വിപണിയില്‍ പ്രദീപിന്റെ ചെണ്ടുമല്ലികളുമുണ്ടാകും.

കണ്ണൂര്‍ ജില്ലയിലെ ആരോഗ്യവകുപ്പില്‍ ജീവനക്കാരനായ പ്രദീപിന് കൃഷിയോട് ഏറെ താല്‍പര്യമായിരുന്നു. അച്ഛന്‍ കൃഷി വകുപ്പിലായിരുന്നു. അതിനാല്‍ കുട്ടിക്കാലം മുതലേ കൃഷിയിലായിരുന്നു താല്‍പര്യം. പച്ചക്കറികളും കണിവെള്ളരിയുമെല്ലാം പതിവായി കൃഷി ചെയ്യാറുണ്ടെങ്കിലും ചെണ്ടുമല്ലി ഇതാദ്യമാണ്.

സാധാരണ ഈ സമയത്ത് വഴുതിനങ്ങയാണ് കൃഷി ചെയ്യാറുള്ളത്. ഇത്തവണ ചെണ്ടുമല്ലി കൃഷി ചെയ്യാമെന്ന് തീരുമാനിച്ച് കൃഷി ഭവനില്‍ നിന്നും സ്വമേധയും തൈകള്‍ സംഘടിപ്പിക്കുകയായിരുന്നെന്ന് പ്രദീപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മഞ്ഞയും ഓറഞ്ചും പൂക്കളാണ് വിരിഞ്ഞിരിക്കുന്നത്. മൊട്ടുകളും കുറച്ചധികമുണ്ട്. ഓണവിപണി കഴിഞ്ഞാലും ചെറുകിട വില്‍പ്പന ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിലുള്ള സമയമാണ് പ്രദീപ് കൃഷിക്കായി മാറ്റിവെക്കുന്നത്. സഹായത്തിന് കുടുംബവുമുണ്ടാകും. പ്രദേശത്തെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയാണ് പ്രദീപ്.

Summary: A native of Palakulam with a success story in Chendumalli farming