കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ ബെഞ്ചില്‍ അനാഥമായി കിടക്കുന്ന ഒരു പേഴ്സ്.. തുറന്ന് നോക്കിയപ്പോള്‍ 20000 രൂപ, ഒടുവില്‍ നമ്പ്രത്തുകരെ സ്വദേശി പ്രേമമ്മയ്ക്ക് ആശ്വാസം.. കയ്യടി മലപ്പുറത്തുകാരന്‍ റഷീദിന്


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങുന്ന പേഴ്‌സ് ഉടമയായ വയോധികയ്ക്ക് തിരികെ നല്‍കി മാതൃകയായി മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ റഷീദ്.

ഇന്നലെ വൈകീട്ട് മലപ്പുറത്തേക്ക് ട്രയില്‍ കാത്തിരിക്കവെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തില്‍ വച്ചാണ് റഷീദിന് പേഴ്‌സ് കിട്ടുന്നത്. പേഴ്‌സില്‍ പണമുണ്ടെന്ന് മനസ്സിലാക്കിയതോടെ റഷീദ് സ്‌റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിക്കുകയായിരുന്നു.


തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്റര്‍ രവീന്ദ്രന്‍ പേഴ്‌സില്‍ നിന്ന് ലഭിച്ച മൊബൈല്‍ നമ്പറിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു. നമ്പ്രത്തുകര സ്വദേശി പ്രേമയുടെതായിരുന്നു പേഴ്‌സ്. സ്റ്റേഷന്‍ മാസ്റ്റര്‍ ഇവരെ വിളിപ്പിച്ച ശേഷം അബ്ദുല്‍ റഷീദിന്റെ സാന്നിധ്യത്തില്‍ തന്നെ തുക കൈമാറി. നാട്ടില്‍ മരംവെട്ട് തൊഴിലാളിയാണ് അബ്ദുല്‍ റഷീദ്.