ഇത് സൈബര്‍ തട്ടിപ്പിന്റെ പുതിയ വേര്‍ഷന്‍! സഹതാപം മുതലെടുത്ത് തട്ടിപ്പ്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് നാലുകോടിയിലേറെ രൂപ, പ്രതികള്‍ പിടിയില്‍



കോഴിക്കോട്: കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി സുനില്‍ ദംഗി, കൂട്ടുപ്രതി ശീതല്‍ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ സാദരയില്‍ വച്ച് കോഴിക്കോട് സൈബര്‍ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. പുതിയതരം ഓണ്‍ലൈന്‍ തട്ടിപ്പിനാണ് കോഴിക്കോട് സ്വദേശിക്ക് ഇരയാവേണ്ടിവന്നത്. കുടുംബം പ്രയാസത്തിലാണെന്ന് പറഞ്ഞ് സഹതാപമുണ്ടാക്കിയാണ് പ്രതികള്‍ കോടികള്‍ തട്ടിയെടുത്തത്.

ഇരുവരുടേയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നും തട്ടിയെടുത്ത പണം ചൂതാട്ടത്തിന് ഉപയോഗിച്ചതായി കണ്ടെത്തി. പ്രതികളുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, ചെക്ക് ബുക്ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംഭവമിങ്ങനെ:

ജനുവരി ഒന്നിനാണ് കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശിക്ക് ഒരു ഫോണ്‍ കാള്‍ വരുന്നത്. ജൈന മതക്കാരന്‍ ആണെന്ന് പരിചയപ്പെടുത്തുന്നു. കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടു, സാമ്പത്തിക ബാധ്യതയുടെ ദുഃഖം താങ്ങാനാകാതെ അമ്മ മരിച്ചു, സഹോദരി ആത്മഹത്യ ചെയ്തു, കടബാധ്യത തീര്‍ക്കാന്‍ സഹായിക്കാമോ എന്നായിരുന്നു ചോദ്യം. പരാതിക്കാരന്‍ വിശ്വസിച്ചു എന്ന് തിരിച്ചറിഞ്ഞപ്പോള്‍, പ്രതികള്‍ പരിഭവങ്ങളുടെ കെട്ടയച്ചു. ഒപ്പം വിവിധ ഫോട്ടോകളും വിശ്വസിപ്പിക്കാന്‍ പാകത്തിന് ശബ്ദ സന്ദേശങ്ങളും കൈമാറി. പാവമെന്ന് കരുതിയ പരാതിക്കാരന്‍ അകമഴിഞ്ഞ് സഹായിച്ചു. പരാതിക്കാരന്‍ പണമയച്ചു തുടങ്ങിയതോടെ പ്രതികള്‍ സഹതാപവും സഹാനുഭൂതിയും ചൂഷണം ചെയ്യുകയായിരുന്നു.

എന്നാല്‍ പിന്നീട് പണം പരാതിക്കാരന്‍ തിരികെ ആവശ്യപ്പെട്ടപ്പോള്‍, തട്ടിപ്പിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയായിരുന്നു ഇവര്‍. പണം തിരികെ തരുന്നതിനായി ആദ്യം പറഞ്ഞത് കുടുംബ സ്വത്ത് വിറ്റു തരാമെന്നാണ്. എന്നാല്‍, വില്‍പ്പന ഇടപാട് നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപമുണ്ടെന്ന് പറഞ്ഞു പറ്റിച്ചു. കൊലപാതകം ഉള്‍പ്പെടെയുണ്ടായെന്ന് വിശ്വസിപ്പിച്ചു. പരാതിക്കാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്നു ഭീഷണിപ്പെടുത്തി. പൊലീസുകാരെന്ന വ്യാജേനെയും സന്ദേശങ്ങളെത്തി. ഇതിനിടയില്‍ തട്ടിപ്പു സംഘം കൈക്കലാക്കിയത് 4,08,80,457 രൂപയാണ്.

പണം തിരികെ കിട്ടില്ലെന്നായപ്പോഴാണ് സെംപ്തംബര്‍ രണ്ടിനാണ് കോഴിക്കോട് സ്വദേശി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ കോളിന്റെയും സന്ദേശങ്ങളുടേയും ഉറവിടം തേടി അന്വേഷണ സംഘം യാത്ര തുടങ്ങി. ചെന്നെത്തിയത് രാജസ്ഥാനിലാണ്. തുടര്‍ന്നാണ് പ്രതികള്‍ പിടിയിലാവുന്നത്.