കളിക്കുന്നതിനിടെ വീട്ടിലെ കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി കൊല്ലം സ്വദേശി; അനുമോദിച്ച് ആന്തട്ട ഗവ യു പി സ്‌കൂള്‍


കൊയിലാണ്ടി: കിണറ്റില്‍ വീണ ഏഴുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കൊല്ലം സ്വദേശിയെ അനുമോദിച്ച് ആന്തട്ട ഗവ യു.പി സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ നിവേദിനെയാണ് കൊല്ലം സ്വദേശിയായ അരുണ്‍ രക്ഷിച്ചത്.

കഴിഞ്ഞമാസം പകുതിയോടെയാണ് സംഭവം. കൊയിലാണ്ടി പതിനാലാം മൈല്‍സ് ശ്രീരാമകൃഷ്ണ മഠത്തിന് സമീപത്തെ വീട്ടില്‍ ജോലി സംബന്ധമായി പോയതായിരുന്നു അരുണ്‍. വൈകീട്ട് 6 മണിയോടെ അടുത്തുളള വീട്ടില്‍ നിന്നും  ബോളുമായി കളിക്കുകയായിരുന്നു നിവേദ്. തുടര്‍ന്ന് ഏറെ നേരം കാണാതായതോടെ നിവേദിന്റെ മുത്തശ്ശി പോയി നോക്കിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടി വീണതായി കാണുന്നത്.

തുടര്‍ന്ന് ഇവര്‍ ഒച്ചവെച്ചതോടെ അരുണ്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.  ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കുട്ടിയെ പുറത്തെടുക്കാന്‍ സഹായിക്കുകയായിരുന്നുവെന്ന് അരുണ്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കുട്ടിയെ പെട്ടെന്ന് തന്നെ കൊയിലാണ്ടി ആശുപത്രിയില്‍ എത്തിച്ച് പരിശേധന നടത്തി. പഴയ കിണര്‍ ആയതിനാല്‍ വലിയ വേലി ഉണ്ടായിരുന്നില്ല. അതിനാലാണ് കുട്ടി കിണറില്‍ വീണത്. ആന്തട്ട ഗവ യു പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിവേദ്. സ്‌കൂളിലെ അധ്യാപകര്‍ ഒന്നിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് നിവേദിനെ രക്ഷിച്ച അരുണിനെ പൊന്നാട അണിയിച്ച്
ആദരിച്ചത്.