കേരളത്തിനും കൊയിലാണ്ടിയ്ക്കും ഒരുപോലെ അഭിമാനം; കൊച്ചി വിമാനത്താവളത്തിന് ബറോഡയില്‍ നിന്നും ഏക ഇന്ത്യന്‍ നിര്‍മ്മിത വാഹനവുമായി കൊയിലാണ്ടി സ്വദേശി ബാലുനായര്‍


എ. സജീവ് കുമാര്‍ 


കൊയിലാണ്ടി: കൊച്ചി ഇന്റര്‍നാഷനല്‍ എയപോര്‍ട്ടില്‍ ( സിയാല്‍) ഉപയോഗിക്കുന്ന അഗ്‌നിശമന വാഹനങ്ങളില്‍ ഏക ഇന്ത്യന്‍ നിര്‍മ്മിത വാഹനവുമായി കൊയിലാണ്ടി സ്വദേശി. ബറോഡ ആസ്ഥാനമായുള്ള ഇന്‍ഡസ് എമര്‍ജന്‍സി വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രത്യകം രൂപകല്‍പ്പന ചെയ്ത ഫയര്‍ & എമര്‍ജന്‍സി വെഹിക്കിളാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയത്. ഇളം മഞ്ഞകലര്‍ന്ന പച്ചനിറത്തില്‍ തയ്യാറാക്കിയ ഈ വാഹനത്തിനു പിന്നില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മേലൂര്‍ സ്വദേശി സൂത്രാടത്തില്‍ ബാലഗോപാലന്‍ എന്ന ബാലുനായര്‍ ആണ്.

ഇദ്ദേഹം ചെയര്‍മാനും മാനേജിങ് ഡയറക്ടരുമായ ബറോഡയിലെ ഇന്‍ഡസ് ഫയര്‍ സേഫ്റ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ അനുബന്ധസ്ഥാപനമായ ഇന്‍ഡസ് എമര്‍ജന്‍സി വെഹിക്കിള്‍സാണ് ഈ അതിനൂതന വാഹനം നിര്‍മ്മിച്ചത് .
വിമാനത്താവളങ്ങളില്‍ അടിയന്തര ഘട്ടങ്ങളെ ജാഗ്രതയോടെ കൈകാര്യം ചെയ്യാനുതകുന്ന രീതിയിലുള്ള നൂതന സാങ്കേതിക വിദ്യകളോട് കൂടിയതാണ് .ഇന്‍ഡസ് തയ്യാറാക്കിയ ഈ ‘റിനോ ‘ ഫയര്‍ & റെസ്‌ക്യൂ വെഹിക്കിള്‍. കാഴ്ച്ചയില്‍ ചെറുതാണെങ്കിലും എവിടെയും എപ്പോഴും എത്തിച്ചേരാനുള്ള സൗകര്യവും ഈ വാഹനത്തിനുണ്ട്. സിയാല്‍ ഉപയോഗിക്കുന്ന അഗ്‌നിശമനവാഹനങ്ങളില്‍ ഇന്ത്യന്‍ നിര്‍മ്മിതമായ ഒരേഒരു വാഹനമാണിത് .

കഴിഞ്ഞ മൂന്നു ദശകങ്ങളായി അഗ്‌നി സുരക്ഷാരംഗത്തു ഇരുപതോളം സംസ്ഥാനങ്ങളിലായി അറുപതിലേറെ സര്‍ക്കാര്‍ , അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും വന്‍കിട സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലുമായി വിന്യസിച്ച അഗ്‌നിശമന രംഗത്ത് സാങ്കേതിക വൈദഗ്ധ്യം നേടിയ ഏകദേശം 2000 ജീവനക്കാര്‍ ഉള്‍പ്പെട്ട ഇന്‍ഡസ് ഈ മേഖലയിലാണ് ആദ്യം അറിയപ്പെട്ടത്. കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി അഗ്‌നിശമന വാഹനങ്ങളുടെ നിര്‍മാണരംഗത്തും ഇന്‍ഡസ് ശ്രദ്ധേയരായി.

ടാറ്റ, ലെയ്‌ലാന്‍ഡ്, മഹി ്ര, ഭാരത് ബെന്‍സ്, ഇസുസു തുടങ്ങിയ വാഹന ചാസിസ് വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ അഭിരുചിക്കനുസൃതമായി ഫയര്‍ സേഫ്റ്റി വാഹനങ്ങളായി രൂപകല്‍പ്പന ചെയ്തു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്‍ഡസ് എമര്‍ജന്‍സി വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ബാലു നായര്‍ ആരംഭിച്ചത്. തിരുവനന്തപുരം ഐഎസ്ആര്‍ഒ (വി എസ് എസ് സി ) ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം നൂറോളം ഫയര്‍ & എമര്‍ജന്‍സി വാഹനങ്ങള്‍ ഇന്‍ഡസ് നിര്‍മിച്ചു നല്‍കി.

ഇന്ത്യന്‍ നേവി ഉദ്യോഗത്തില്‍ നിന്ന് ഒഴിവായി സ്വന്തം സംരംഭം ആരംഭിച്ച ബാലു നായരുടെ കഴിവിനൊപ്പം മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ എന്ന ഉന്നത ജോലി ഉപേക്ഷിച്ചു ഈ സംരംഭത്തിന്റെ ഭാഗമായ മരുമകന്‍ സുജിത് മേനോന്‍, വിദേശ വിദ്യാഭാസം കഴിഞ്ഞു തിരിച്ചെത്തിയ മകന്‍ വൈശാഖ് നായര്‍ എന്നിവരുടെ ക്രിയാത്മകമായ മേല്‍നോട്ടവും ഒരുപറ്റം തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനു പിന്നിലുള്ളത്. മറ്റു ഡയറക്ടര്‍മാരായ ഭാര്യസ്മിതാ നായരും മകള്‍ അക്ഷയ മേനോനും നേതൃത്വം നല്‍കുന്ന ഒരു മലയാളി കുടുംബമാണ് രാജ്യം ശ്രദ്ധിക്കുന്ന ഒരു വലിയ നേട്ടത്തിനു പിന്നിലുള്ളത്.