കോഴിക്കോട് തോട്ടിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം; പ്രതികൂല കാലാവസ്ഥ, വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യുവിനായുള്ള തെരച്ചിൽ നിർത്തി


കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയിൽ ഒരു മരണം. പുളിക്കല്‍ പീടിക തലവീട്ടില്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. കണ്ണാടിക്കലിലെ തോട്ടില്‍ വീണാണ് സുബൈര്‍ മരണപ്പെട്ടത്.

അതേസമയം വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 63കാരനായ മാത്യു എന്നയാളെയാണ് കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുള്‍പൊട്ടലില്‍ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ തെരച്ചില്‍ നടത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും.

കോഴിക്കോട് ജില്ലയില്‍ ആകെ 56 ക്യാംപുകളിലായി 2869 ആളുകളാണ് കഴിയുന്നത്. നൂറുകണക്കിനാളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദുരിതാശ്വാസ ക്യാംപുകള്‍:
കോഴിക്കോട് താലൂക്ക്- 18 (1076 പേര്‍)
വടകര താലൂക്ക്- 13 (849 പേര്‍)
കൊയിലാണ്ടി താലൂക്ക് 10 (319 പേര്‍)
താമരശ്ശേരി താലൂക്ക് – 15 (625 പേര്‍).