അഞ്ച് പതിറ്റാണ്ടിലേറെ പഴക്കം; ശക്തമായ കാറ്റില്‍ കടപുഴകി വീണ വിയ്യൂരിലെ ചമതമരത്തിന് പുതുജീവന്‍ നല്‍കി ഒരു കൂട്ടം യുവാക്കള്‍


കൊയിലാണ്ടി: വീണുപോയ മരങ്ങളെ വേരാടെ പിഴുത് വെട്ടിമാറ്റുന്ന ഈ കാലത്ത് കാറ്റില്‍ വീണ മരത്തിനെ തിരികെ യഥാസ്ഥാനത്ത് തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം യുവാക്കള്‍. വിയ്യൂര്‍ ദേശത്ത് അഞ്ച് പതിറ്റാണ്ടിലേറെ ഉണ്ടായിരുന്ന ചമത മരത്തിനാണ് യുവാക്കള്‍ ചേര്‍ന്ന് പുതുജീവനൊരുക്കിയത്.

വിയ്യൂര്‍ വിഷ്ണുക്ഷേത്രത്തിന് കിഴക്ക് വശത്ത് കുളത്തിന് സമീപമാണ് ചമതമരം ഉണ്ടായിരുന്നത്. അഞ്ചുപതിറ്റാണ്ടിലേറെയായി ഈ മരം ഇവിടെ സ്ഥാനമുറപ്പിച്ചിട്ട്. കഴിഞ്ഞ ദിവസം വീശിയ ശക്തമായ കാറ്റിലാണ് ചമതമരം കടപുഴകി വീണത്. ഔഷധ ഗുണങ്ങള്‍ ഏറെയുള്ള ഈ മരം തിരിച്ചുപിടിപ്പിച്ചിരിക്കുകയാണ് വിയ്യൂരിലെ ആനപ്രേമി സംഘമായ നവയുഗ.

ക്ഷേത്രത്തിലെ പൂജ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ പരിപാലനത്തിനും ചമതമരത്തിന്റെ ഇലകളും മറ്റും ഉപയോഗിച്ചുവരികയായിരുന്നു. പ്രദേശത്തെ ഏക ചമതമരവും ഇതുതന്നെയാണുള്ളതെന്ന് നവയുഗം അംഗം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അതുകൊണ്ടുതന്നെ പ്രദേശത്തുള്ളവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണീ മരം.

കാറ്റില്‍ മരം വീണെങ്കിലും നവയുഗ അംഗങ്ങള്‍ ചേര്‍ന്ന് മരം വീണ്ടും പിടിപ്പിച്ചിരിക്കുകയാണ്. ഇത് വീണ്ടും തളിര്‍ക്കുമെന്നും പ്രദേശവാസികള്‍ പറയുന്നു. മറ്റ് ദൂരെയുള്ള ക്ഷേത്രങ്ങളില്‍ നിന്ന് പോലും ആളുകള്‍ ചമതമരത്തിനെ തേടി വരാറുണ്ടെന്നും പൂജ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും നവയുഗ അംഗം ജിതിന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ജനുവരിയില്‍ ഒരു തവണ മരം വീണിരുന്നു അന്നും നവയുഗ സംഘം തന്നെയാണ് മരം യഥാ സ്ഥാനത്ത് തന്നെ നട്ടുപിടിപ്പിച്ചിരുന്നത്. ഇന്ന് വൈകുന്നേരമാണ് ഒരുപറ്റം യുവാക്കള്‍ ചേര്‍ന്ന് മരം വീണ്ടും നട്ടുപിടിപ്പിച്ചത്. ഇനിയൊരു കാറ്റില്‍ വീഴാതിരിക്കാന്‍ മരത്തിന് ചുറ്റും ചെറിയ തറ കെട്ടാനുള്ള ഒരുക്കത്തിലാണ് നവയുഗ സംഘം. മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്ന ഈ കാലത്ത് മുറിഞ്ഞുവീണ മരത്തിനെ കെട്ടിപ്പടുത്താനുള്ള ഈ യുവാക്കളുടെ പരിശ്രമം സമൂഹത്തിന് മാതൃകാപരമാണ്. ജിതിന്‍, അന്‍വിന്‍, അനീഷ്, സച്ചിന്‍, അഭിഷേക്, മിഥുന്‍, സബിന്‍, ശ്രീജിന്‍ എന്നിവരടങ്ങുന്ന യുവാക്കളാണ് നേതൃത്വം നല്‍കിയത്.