വീണുകിട്ടിയത് രണ്ടര പവന്റെ സ്വര്‍ണ പാദസരം; ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ച് കൊയിലാണ്ടി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസുകാരന്‍


കൊയിലാണ്ടി: റോഡരികില്‍ നിന്നും വീണുകിട്ടിയ സ്വര്‍ണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ചു നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി. കൊയിലാണ്ടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആതിഷ് ഇബ്രാഹിമിനാണ് വീണുകിട്ടിയത്.

രാവിലെ പള്ളിയില്‍ പോകുമ്പോഴാണ് സിറാജിന് പാദസരം വീണുകിട്ടിയത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഇത് സ്വര്‍ണല്ലെന്ന് പറഞ്ഞ് എറിയാന്‍ നോക്കിയെങ്കിലും ആതിഷ് ഇവരെ പിന്തിരിപ്പിച്ചു. സ്വര്‍ണമാണെന്ന് ഉറപ്പിച്ചശേഷം സമീപത്തെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു.

രണ്ടര പവന്‍ വരുന്നതായിരുന്നു പാദസരം. പുറക്കാട് മലയില്‍ മുഹമ്മദിന്റെ ഭാര്യയുടെതായിരുന്നു പാദസരം. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഉടമയെ കണ്ടെത്തിയത്. വൈകുന്നേരം ഇവര്‍ പാദസരം കൈപ്പറ്റുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ക്ക് തന്നെ മാതൃകയായ ആതിഷ് ഇബ്രാഹിമിനെ നാട്ടുകാരും പി.ടി.എയും അഭിനന്ദിച്ചു.