‘ഈ നാടിന് അവൻ അപ്പുവായിരുന്നു, വീടിന്റെ മുകൾ നില അവന്റെ സ്വപ്നമായിരുന്നു’; കോണിപ്പടിയില്‍ നിന്നും വീണ് മരിച്ച മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അഭിനെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി സുഹൃത്ത്
മേപ്പയ്യൂർ: എല്ലാ കാര്യങ്ങൾക്കും ഒരു വിളിപ്പാടകലെ അവനുണ്ടാകുമായിരുന്നു, എന്നാൽ അപ്പുവെന്ന വിളി കേൾക്കാൻ അവനിനിയില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാനാകാതെ നീറുകയാണ് മേപ്പയ്യൂര്‍ ജനകീയമുക്കിലുള്ളവർ. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റാണ് ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിൻ മരിച്ചത്. സപ്തംബർ 19-ന് രാത്രിയിലാണ് അപകടം സംഭവിച്ചത്.
അപകട വിവരം അറിഞ്ഞപ്പോൾമുതൽ തങ്ങളുടെ അപ്പുവിനൊന്നും പറ്റല്ലേയെന്ന പ്രാർത്ഥനയിലായിരുന്നു എല്ലാവരും. എന്നാൽ എന്നന്നേക്കുമായി അവൻ വിട്ടു പിരിഞ്ഞു. അഭിന്റെ അകാല വിയോഗത്തിൽ നല്ലോർമ്മകൾ സമ്മാനിച്ച സുഹൃത്തിനെ കുറിച്ചുള്ള ഹൃദയ സ്പർശിയായ കുറിപ്പാണ് ജനകീയമുക്ക് സ്വദേശി സായൂജ് എം.ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ഈ നാടിന് അവൻ അപ്പുവായിരുന്നു. നാട്ടിലെന്തുണ്ടായാലും ഓടി എത്തുന്ന അപ്പു. അതുകൊണ്ട് തന്നെ അപ്പുവിനെ അറിയാത്തവരായി ഈ നാട്ടിലൊരാളില്ല!
തന്റെ 21 ആം വയസ്സിൽ താൻ സ്വപ്നം കണ്ട FZ എന്ന വാഹനം സ്വന്തമാക്കിയ ഞങ്ങളുടെ അപ്പു…
താൻ സ്വപ്നം കണ്ട മിൽട്രി ജോലിക്കായി നിരന്തരം ശ്രമം നടത്തി എല്ലാ ഫിസിക്കൽ മെഡിക്കൽ ടെസ്റ്റുകളും പാസ്സാവുന്ന ഞങ്ങളുടെ അപ്പു, എഴുത്തു പരീക്ഷ വില്ലനായി തന്റെ മിൽട്രി സ്വപ്നം പരാജയപ്പെടുമ്പോളെല്ലാം ആകെ തകർന്നു കാണുന്ന ഞങ്ങളുടെ അപ്പു. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കുന്ന ഞങ്ങളുടെ അപ്പുവിന് ഒരു പരാജയമുണ്ടായിട്ടുണ്ടെങ്കിൽ അത് അവിടെ മാത്രമായിരുന്നു.
ആകെ തളർന്ന അപ്പുവിനെ വല്ലപ്പോഴുമേ കാണാറുള്ളൂ. അതിലൊന്ന് ശ്രീജേച്ചിക്ക് (അപ്പുവിന്റെ അമ്മ) ആക്സിഡന്റായപ്പോഴാണ്. ശ്രീജേച്ചി ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തുന്നതവരെ ആകെ തളർന്ന അപ്പുവിനെയാണ് ഞങ്ങൾ കണ്ടത്.
അപ്പുവിന്റെ സുഹൃത്തുക്കളാരെന്ന് ചോദിച്ചാൽ അതീ നാട് എന്ന് പറയുന്നതായിരുക്കും എളുപ്പം. വലുപ്പ- ചെറുപ്പമില്ലാതെ എല്ലാവരുടെയും പ്രിയ്യപ്പെട്ടവനായിരുന്നു അപ്പു. ആ വീടിന്റെ എല്ലാമായിരുന്നവൻ. വീടിന്റെ മുകൾ നില അവന്റെ സ്വപ്നമായിരുന്നു, അതുകൊണ്ട് തന്നെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം മുൻകൈയെടുത്തതും അപ്പു തന്നെയായിരുന്നു. വീട്ടുകാർക്കും കുടുംബക്കാർക്കും അപ്പുവായിരുന്നു എല്ലാം.
“ദിവസവും പണിക്ക് പോയിട്ട് ഞാനെന്റാടാ എല്ലാം വാങ്ങില്ലേ” എന്നൊരിക്കൽ പറഞ്ഞപ്പോഴാണ് അപ്പു പറഞ്ഞത് ശരിയല്ലേ എന്നാലോചിച്ചത്! ടിവിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും എന്തിനേറെ പറയുന്നു എസി പോലും തന്റെ വീട്ടിൽ സെറ്റാക്കി നമുക്കും ഇങ്ങനൊക്കെ ജീവിക്കാമെന്ന് ഞങ്ങൾക്കൊക്കെ കാണിച്ചു തന്ന ഞങ്ങളുടെ അപ്പു…
ശ്രീജേച്ചിക്കും ബാലകൃഷ്ണേട്ടനും അജിൽനും അചിന്തിനും അചിന്ത്യയ്ക്കുമെല്ലാം (അപ്പുവിന്റെ കുടുംബം) അവസാന വാക്ക് അപ്പുവായിരുന്നു അവരെങ്ങനെ ഇത് സഹിക്കുമെന്നും താങ്ങുമെന്നും എത്രയാലോചിച്ചിട്ടും ഇതുവരെ മനസ്സിലായിട്ടില്ല. അവനുമായുള്ള സംസാരത്തിനിടെ കടന്നുവരുന്ന പേരുകളാണ് അവന്റെ അച്ചാച്ഛനും അമ്മാമയും ശ്രീജാച്ചിയും ശ്രീകലാച്ചിയും മാമനും കൂടെ വയിലെ അച്ചാച്ചനും അമ്മാമേം മൂത്തമ്മയും. ഇവരെയെല്ലാം ഞങ്ങൾ സുഹൃത്ത്ക്കൾക്ക് നേരിട്ടറിയില്ലെങ്കിലും അവൻ അവനു പ്രിയ്യപ്പെട്ട അവരെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടേയിരിക്കുമായിരുന്നു. അവന് എല്ലാമായിരുന്നു അവർ!..
പ്രിയ്യപ്പെട്ട അപ്പൂ… നിറമുള്ള സ്വപ്നങ്ങളെല്ലാം ബാക്കി വെച്ച് നിന്റെ പ്രണയത്തെ പോലും പാതി വഴിയിലിട്ട് നീ പോയിക്കളഞ്ഞല്ലോ…
സഖാവെ വിട!
Summary: ‘ the upper floor of the house was his dream’; A friend wrote a heart touching note about Abhin, a native of Mepayyur Janakeeyamuk, who fell down the stairs and died