കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് ഉള്‍ക്കടലില്‍ കുടുങ്ങി; 21 മത്സ്യത്തൊഴിലാളികളെയും ബോട്ടും സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയി നടുക്കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ‘ഓംങ്കാരനാഥന്‍’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.

21 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ടില്‍ ഉള്‍ക്കടലില്‍വെച്ച് വെള്ളം കയറുകയായിരുന്നു. ഉടനെ തന്നെ മത്സ്യത്തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചു. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയരക്ടര്‍ സുനീര്‍ വി. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖന്‍ പി എന്നിവരുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സമെന്റ് എത്തി സുരക്ഷിതമായി ഇവരെ കരയ്‌ക്കെത്തിച്ചു.

സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനു തോമസ്, റസ്‌ക്യൂ ഗാര്‍ഡ്സ് ആയ ഹമിലേഷ് കെ, മിഥുന്‍ കെവി, എന്നിവര്‍ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Summary: A fishing boat from Koyilandy Harbor got stuck in the bay; Marine enforcement brought 21 fishermen and boat to shore safely.