പിഴയടക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പിന്റെ പേരില്‍ ആട്‌സ്ആപ്പ് വഴി വ്യാജസന്ദേശം; ലിങ്ക് തുറന്നപ്പോള്‍ കോഴിക്കോട് സ്വദേശിനിയ്ക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ
കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്.
അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍.ടി.ഒയുടെ പേരില്‍ ബാങ്ക് ഉദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന നമ്പറുമെല്ലാം ഉള്‍പ്പെടുന്ന സന്ദേശം എത്തിയത് വാട്സാപ്പിലാണ് വന്നത്. എ.പി.കെ ഫയലിനൊപ്പം വന്ന സന്ദേശം തുറന്നു നോക്കിയതേയുള്ളൂ. നാല്‍പ്പത്തിയേഴായിരം രൂപയാണ് നഷ്ടമായത്.
മറ്റ് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത ഫോണ്‍ നമ്പറിലേക്ക് ഒ.ടി.പി വന്നെങ്കിലും പണമില്ലാതിരുന്നതിനാല്‍ നഷ്ടമുണ്ടായില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു. പണം തട്ടാനായി സൈബര്‍ തട്ടിപ്പ് സംഘം സ്വീകരിക്കുന്ന പുതിയ രീതിയാണിത്. മോട്ടോവാഹന വകുപ്പിന്റെ പേരില്‍ വരുന്ന എ.പി.കെ ലിങ്ക് തുറന്നാല്‍ ഉടന്‍ മൊബൈലിലെ വിവരങ്ങള്‍ മുഴുവന്‍ വിദൂരത്തുള്ള തട്ടിപ്പ് സംഘത്തിലേക്ക് എത്തും. വൈകാതെ ബാങ്ക് അക്കൗണ്ടിലെ പണം ഇവര്‍ ട്രാന്‍സഫര്‍ ചെയ്യും. തട്ടിപ്പ് സംഘത്തിന്റെ വലയില്‍ പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
നിയമലംഘനങ്ങള്‍ക്ക് വാട്‌സാപ് വഴി മോട്ടോര്‍ വാഹന വകുപ്പ് സന്ദേശമയക്കാറില്ല. വളരെ ചെറിയ സന്ദേശം മാത്രമാകും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുക. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ പേരിലാണ് പിഴയടക്കണമെന്ന് കാണിച്ചുള്ള വ്യാജ സന്ദേശം എത്തുന്നത്. ഇതില്‍ ചെലാന്‍ നമ്പറും ഉള്‍പ്പെട്ടിരിക്കും. സന്ദേശത്തില്‍ സംശയം തോന്നിയാല്‍ ഉടന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കുകയോ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കുകയോ വേണമെന്ന് അധികൃതര്‍ അറിയിച്ചു.