ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ നാളെ വിദഗ്ധരടക്കം പങ്കെടുക്കുന്ന യോഗം
അത്തോളി: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഉള്ള്യേരി പാലോറ മല നിവാസികള്‍ക്കിടയില്‍ ഉടലെടുത്ത ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. പാലോറ മലയുടെ തെക്കുഭാഗത്ത് ഉള്ള്യേരി-അത്തോളി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മൊടക്കല്ലൂര്‍ കൂമുള്ളി ഭാഗത്ത് മലമുകളിലെ കല്ലിലുണ്ടായ വിള്ളലാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
രണ്ടാള്‍പൊക്കത്തിലുള്ള ഉരുളന്‍ കല്ലിലാണ് വെള്ളം ഒഴുകിയതിനെ തുടര്‍ന്നുള്ള വിള്ളല്‍ കണ്ടത്. ഇവിടങ്ങളുടെ ജനങ്ങളുടെ ജീവന് ഭീഷണിയാണ് ഈ കല്ലിന്റെ അവസ്ഥയെന്ന് പാലോറമല സംരക്ഷണ സമിതി കണ്‍വീനര്‍ എന്‍.വിശ്വംഭരന്‍ മട്ടായി പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.ബലരാമന്റെ നേതൃത്വത്തിലുളള സംഘം ഇന്നലെ പ്രദേശം സന്ദര്‍ശിച്ചിരുന്നു. നിലവില്‍ കല്ലില്‍ വിള്ളല്‍ രൂപപ്പെട്ടതിന് മുകളിലായുള്ള ഭാഗം തട്ടുതട്ടായി കിടക്കുന്ന നിലയിലായിരുന്നെന്ന് ബലരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ അടുത്തിടെ സ്വകാര്യ വ്യക്തി ചെങ്കല്‍ഖനനം നടത്തുന്നതിനായി ഈ ഭാഗം ഇടിച്ചുനിരപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഈ ഭാഗത്തുള്ള വെള്ളം പാറക്കല്ലിലൂടെ ഒഴുകുന്നതിനെ തുടര്‍ന്നാണ് വിള്ളല്‍ രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അപകടഭീതിയുള്ളതിനാല്‍ പ്രദേശത്തിന് തൊട്ടടുത്തുള്ള രണ്ടുവീട്ടുകാരോട് മാറിത്താമസിക്കാന്‍ പറഞ്ഞിട്ടുണ്ട്. ജിയോളജി, തഹസില്‍ദാര്‍, വില്ലേജ് ഓഫീസ് തുടങ്ങിയ അധികൃതരെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പ്രദേശവാസികളെയടക്കം വിളിച്ചുചേര്‍ത്ത് യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. തുടര്‍നടപടികള്‍ നാളത്തെ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറിയിച്ചു.
2018ലെ പ്രളയകാലത്ത് ഈ പ്രദേശത്ത് മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഏഴ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരുന്നു. കഴിഞ്ഞ മഴയില്‍ പ്രദേശത്തെ വീടിന്റെ കിണര്‍ ആളമറയടക്കം താഴ്ന്നിരുന്നു. പ്രദേശത്ത് വലിയ തോതില്‍ ചെങ്കല്‍ ഖനനം നേരത്തെ നടന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഖനനമൊന്നും നടക്കുന്നില്ല.