പാറശ്ശാലയില്‍ വീടിനുള്ളില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: പാറശ്ശാലയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സെല്ലൂസ് ഫാമിലി എന്ന പേരിലുള്ള യൂട്യൂബ് ചാനല്‍ ഉടമയായ ചെറുവാരക്കാണം പ്രീതു ഭവനില്‍ പ്രിയ (37), ഭര്‍ത്താവ് സെല്‍വരാജ് (45) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകന്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുന്‍വശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കിടപ്പ് മുറിയിലെ കട്ടിലില്‍ പ്രിയയെ മരിച്ച നിലയിലും ഇതേ മുറിയില്‍ തന്നെ സെല്‍വരാജിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകന്‍ വെള്ളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകന്‍ വീട്ടിലേക്ക് വരികയായിരുന്നു.