ഭാഷാ സംരക്ഷണത്തിനായി സമഗ്രമായ ഭാഷാനയം രൂപീകരിക്കണം; ചേമഞ്ചേരിയില്‍ ബോധി വനിതാ വേദിയുടെ മലയാള ദിന പരിപാടി


ചേമഞ്ചേരി: കേരള പിറവിയുടെ ഭാഗമായി ചേമഞ്ചേരിയില്‍ മലയാള ദിന പരിപാടി സംഘടിപ്പിച്ചു. ബോധി വനിതാ വേദി സംഘടിപ്പിച്ച പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാള ഭാഷ സംരക്ഷണത്തിനായി സമഗ്രമായ ഭാഷാ നയം രൂപീകരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സതി കിഴക്കയില്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലീഷ് ഭാഷയോടുള്ള അതിരു കടന്ന താല്‍പര്യം പലപ്പോഴും മാതൃഭാഷയോടുള്ള അവഗണനയായി പരിണമിക്കുന്നുണ്ട്. ഈ അവസ്ഥ മാറണമെന്നും സതി കിഴക്കയില്‍ വ്യക്തമാക്കി.

മാതൃഭാഷ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന ജൈവ നൂലാണെന്നു ഒരു ജനതയുടെ വികാര വിചാരങ്ങളുടെ ആവിഷ്‌കാരത്തിനുള്ള ശക്തമായ ആയുധമാണ് മാത്യഭാഷയെന്നും അവര്‍ പറഞ്ഞു.

ചടങ്ങില്‍ പി.സി കവിത ടീച്ചര്‍ കേരളീയ നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. നാടന്‍ പാട്ട്, സംഘ ഗാനം, കവിത, ലളിത ഗാനം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

ബോധി പ്രസിഡണ്ട് ഡോ. എന്‍.വി സദാനന്ദന്‍, വി.എം. ലീല ടീച്ചര്‍, കെ. സൗദാമിനി ടീച്ചര്‍, ബിന്ദു സോമന്‍, സജിത ഷെറി, ധന്യ ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.