ടെണ്ടര്‍ നടപടികള്‍ തുടങ്ങി; കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരമാകും; കുടിവെള്ള പദ്ധതി 2024 ഡിസംബറോടെ യാഥാര്‍ത്ഥ്യമാകുമെന്ന് എം.എല്‍.എ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരം എന്ന ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. 2024 ഡിസംബര്‍ 24ന് പദ്ധതി പൂര്‍ത്തിയാകുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നഗരസഭയിലെ മൊത്തം വീടുകളിലും വെളളമെത്തിക്കുന്ന സമ്പൂര്‍ണ്ണ കുടിവെളള പദ്ധതിയുടെ രണ്ടാം ഘട്ട വിതരണ പൈപ്പലൈന്‍ സ്ഥാപിക്കുന്നതിന് കിഫ്ബി ഫണ്ട് ടെന്‍ഡര്‍ ചെയ്തു. 120 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടര്‍ ചെയ്തതോടൊപ്പം 22 കോടി രൂപയുടെ അമൃത് പദ്ധതി കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതിനടപ്പിലാക്കുന്നത്.

85 കോടി രൂപ ചിലവഴിച്ച് ഇതിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതാണ്. കൊയിലാണ്ടി ടൗണില്‍ 23 ലക്ഷം ലിറ്റര്‍ വെളളം ഉള്‍ക്കൊളളുന്ന ടാങ്കും വലിയമലയിലും കോട്ടക്കുന്നും സ്ഥാപിച്ച 17 ലക്ഷം ലിറ്റര്‍ വീതം വെള്ളം സംഭരിക്കാന്‍ കഴിയുന്ന രണ്ടു ടാങ്കുകളുടെയും പ്രവൃത്തിയും കൂടാതെ പെരുവണ്ണാമൂഴിയില്‍ നിന്നും പ്രധാന ഗ്രാവിറ്റി മെയിന്‍ സ്ഥാപിച്ച് ടാങ്കുകളില്‍ ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായതാണ്.

വാട്ടര്‍ ടാങ്കുകളിലെത്തിയ കുടിവെള്ളം നഗരസഭയിലെ എല്ലാ വീടുകളിലേക്കും എത്തിക്കുന്ന വിതരണ ശൃംഖലയും ചെറുസ്റ്റോര്‍ ടാങ്കുകളും ഉള്‍പ്പെടുന്നതാണ് 120 കോടി രൂപയുടെ രണ്ടാംഘട്ട പ്രോജക്ട്. 2023 മാര്‍ച്ച് 31ന് കോഴിക്കോട് വാട്ടര്‍ അതോറിറ്റി പ്രോജക്ട് വിഭാഗം സമര്‍പ്പിച്ച 120 കോടിയുടെ പുതുക്കിയ പ്രോജക്ടിന് കിഫ്ബിയുടെ സാമ്പത്തിക അംഗീകാരം ലഭിച്ചിരുന്നു. ഇപ്പോള്‍ 118.30 കോടി രൂപയുടെ സാങ്കേതിക അനുമതി കൂടി വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനിയര്‍ നല്‍കിയിട്ടുണ്ട്.

രണ്ടാംഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. നഗരസഭയില്‍ 20000 ത്തോളം വീടുകളില്‍ കണക്ഷന്‍ നല്‍കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും.

മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. വലിയമലയില്‍ നിന്നും 146.87 കിലോമീറ്റര്‍ വിതരണ ശൃംഖലയാണ് ഒന്നാം സോണ്‍. കൊയിലാണ്ടി ടൗണും തീരപ്രദേശത്തും 97.66 കിലോ മീറ്റര്‍ രണ്ടാമത്തെ സോണാണ്. മൂന്നാമത്തേത് കോട്ടക്കുന്നില്‍ നിന്നും 117.61 കിലോ മീറ്ററില്‍ വരുന്ന വിതരണ ശൃംഖലയാണ്.

കൂടാതെ 22 കോടിയുടെ അമൃത് പദ്ധതിയില്‍ മേല്‍പ്പറഞ്ഞ വിതരണ ശൃംഖലയില്‍ നിന്ന് നഗരസഭയിലെ 15000 വീടുകളിലേക്ക് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ച് കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ബാക്കിവരുന്ന 5000 കണക്ഷനുകള്‍ കിഫ്ബി പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് നടപ്പിലാക്കുന്നത്. പൈപ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡ് മുറിക്കുന്ന സ്ഥലങ്ങളില്‍ (മുനിസിപ്പാലിറ്റി, PWD,
NH, NHAI, റെയില്‍വേ ) പൂര്‍ത്തീകരണത്തിനായുള്ള തുകയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ ചാലു കീറുമ്പോള്‍ പൊതുജനങ്ങളുടെയും, മറ്റു വകുപ്പുകളുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും, എല്ലാ വകുപ്പുകളിടെയും പൂര്‍ണ സഹകരണം ആവശ്യമുണ്ടെന്നും എം.എല്‍.എ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.കെ.അജിത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ഷിജു എന്നിവര്‍ പങ്കെടുത്തു.