താമരശ്ശേരിയിൽ ജയിലിൽ നിന്നിറങ്ങിയയാളെ പോസ്റ്റിൽ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി
താമരശ്ശേരി: താമരശ്ശേരിയില്‍ ജയിലില്‍ നിന്നിറങ്ങിയ വയോധികനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. പെരുമ്പള്ളി സ്വദേശി കുഞ്ഞുമൊയ്ദിനാണ് പരിക്കേറ്റത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ മർദ്ദിച്ചെന്നാണ് പരാതി.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു സ്ത്രീയോട് അപമര്യാദയായി സംസാരിച്ച കേസില്‍ കുഞ്ഞുമൊയ്ദീന്‍ റിമാന്‍ഡിലായിരുന്നു. ജാമ്യം കിട്ടി വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞുമൊയ്തീൻ ബന്ധുവീട്ടിലേക്കാണ് പോയത്. ഇവിടെയെത്തിയ അക്രമിസംഘം കുഞ്ഞുമൊയ്ദീനെ മര്‍ദിച്ച ശേഷം വീടിന് സമീപത്തെ ടൗണില്‍ കൊണ്ടുവന്ന് വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് വീണ്ടും ക്രൂരമായി മര്‍ദിച്ചുവെന്നാണ് പറയുന്നത്.
സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുറഹ്മാനാണ് ഒന്നാം പ്രതി. അബ്ദുറഹ്മാന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ഒളിവില്‍ പോയെന്നാണ് സൂചന.