താമരശ്ശേരിയിൽ ജ്വല്ലറിയുടെ പൂട്ടുപൊളിച്ച് വെള്ളി ആഭരണങ്ങൾ കവർന്ന കേസ്; ബാലുശ്ശേരി സ്വദേശി അറസ്റ്റിൽ
താമരശ്ശേരി: കാരാടിയിലെ സിയാ ഗോൾഡ് വർക്സ് എന്ന ജ്വല്ലറിയിൽ നിന്നും അര കിലോ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ ബാലുശ്ശേരി സ്വദേശിയായ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി അവിടനല്ലൂർ താന്നികോത്ത് മീത്തൽ സ്വദേശി സതീശൻ (37) ആണ് അറസ്റ്റിലായത്. ഒട്ടേറെ കവർച്ചാകേസുകളിൽ പ്രതിയായ സതീശനെ കോഴിക്കോട് റൂറൽ എസ്പി അർവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുങ്കത്ത് വച്ചാണ് പ്രതി പിടിയിലായത്.
ജൂൺ നാലിന് രാത്രിയാണ് താമരശ്ശേരി കുറ്റിയാക്കിൽ സജീവ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാരാടിയിലെ സ്ഥാപനത്തിൽ കവർച്ച നടന്നത്. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് ഗ്ലാസ് ഡോർ കമ്പി ഉപയോഗിച്ച് തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന അര കിലോയോളം വരുന്ന വെള്ളി ആഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു. ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ അതിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല.
സംഭവദിവസം ജ്വല്ലറി പരിസരത്ത് രാത്രി ഒൻപതോടെ എത്തിയ പ്രതി, രാത്രി ആളൊഴിയുന്നത് വരെ സമീപത്തുള്ള കെട്ടിടത്തിൽ ഒളിച്ചിരുന്നു. പുലർച്ചെ ഒരു മണിയോടെയാണ് കവർച്ച നടത്തിയത്. തുടർന്ന് അടുത്തുള്ള കെട്ടിടത്തിൽ കിടന്നുറങ്ങിയ ശേഷം രാവിലെ കടന്നുകളയുകയായിരുന്നു.
നിരവധി മോഷണകേസുകളിലെ പ്രതിയാണ് സതീശൻ. നിരവധി വ്യാപാരസ്ഥാപനങ്ങളിലും അമ്പലങ്ങളിലും പള്ളികളിലും കവർച്ച നടത്തിയതിന് പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളിൽ നിന്നും കവർച്ച നടത്തി കിട്ടുന്ന നാണയങ്ങൾ അന്നു തന്നെ ബസ് ജീവനക്കാർക്ക് നൽകി നോട്ടുകൾ വാങ്ങുന്നതാണ് ഇയാളുടെ രീതി. കവർച്ച നടത്തി കിട്ടുന്ന പണം മദ്യപിച്ചു കറങ്ങി നടക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി. വിനോദിന്റെ മേൽനോട്ടത്തിൽ താമരശ്ശേരി ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, ബിജു പൂക്കോട്ട് തുടങ്ങിയവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. സീനിയർ സിപിഒമാരായ ജയരാജൻ പനങ്ങാട്, ജിനീഷ് ബാലുശ്ശേരി, താമരശ്ശേരി എസ്ഐ സജേഷ സി.ജോസ്, എഎസ്ഐ വി.സി.ഷാജ്മോഹൻ, ഫിംഗർ പ്രിന്റ് എക്‌സ്‌പേർട്ട് കെ.രഞ്ജിത്ത്, സൈബർസെൽ അംഗങ്ങളായ എഎസ്ഐ കെ.ശ്രീജിത്ത്, സീനിയർ സിപിഒ ജി.അമൃത എന്നിവരു അന്വേഷണ സംഘത്തിലുണ്ടായിരുന്നു.