മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു, അപകടത്തിന്റെ ദൃശ്യങ്ങള്‍ കാണാം


വടകര: മുക്കാളി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരും മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി (38) , കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്.

ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.

കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ചോമ്പാല പൊലീസ് അന്വേഷണം തുടങ്ങി.