‘അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്, ആദിദേവിന് ആ സൈക്കിള്‍ തിരികെ വേണം’; കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന സൈക്കിള്‍ മോഷണം പോയതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന സൈക്കിള്‍ മോഷണം പോയതായി പരാതി. റെയില്‍വേ സ്‌റ്റേഷന് കിഴക്കുവശത്തുള്ള സൗപര്‍ണികയില്‍ ഷഗീഷ്, രംഷ ദമ്പതികളുടെ മകനായ ആദിദേവിന്റെ സൈക്കിളാണ് ഇന്നലെ നഷ്ടപ്പെട്ടത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിദേവിന് ഒരു വര്‍ഷം മുമ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോള്‍ അച്ഛനും അമ്മയും സമ്മാനമായി നല്‍കിയതാണ് സൈക്കിള്‍. 8000 വില വരുന്ന സൈക്കിള്‍ ഇന്നലെ രാത്രി 10 മണിവരെ കാര്‍പോര്‍ച്ചില്‍ കണ്ടതായി അമ്മ രംഷ പറയുന്നു.
രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് സൈക്കിള്‍ നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
നന്തി ശ്രീശൈലം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആദിദേവ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8086471350 എന്ന നമ്പറില്‍ ബന്ധപ്പെടുക.