വ്യാജരേഖയുണ്ടാക്കി പതിനാറുകാരിയെ 40കാരൻ വിവാഹം കഴിച്ചു; വടകര പുതിയാപ്പ് സ്വദേശിയായ നവവരനും ഇടനിലക്കാരനും അറസ്റ്റിൽ
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വ്യാജരേഖയുണ്ടാക്കി വിവാഹം കഴിച്ച നവവരനും വിവാഹം കഴിപ്പിക്കാന്‍ ഇടനില നിന്നയാളും അറസ്റ്റില്‍. പെൺകുട്ടിയെ വിവാഹം ചെയ്ത വടകര പുതിയാപ്പ് കുയ്യടിയിൽ വീട്ടിൽ കെ. സുജിത്ത് (40), ഇടനിലക്കാരൻ പൊഴുതന അച്ചൂരാനം കാടംകോട്ടിൽ വീട്ടിൽ കെ.സി. സുനിൽകുമാർ (36) എന്നിവരാണ് അറസ്റ്റിലായത്.
മാനന്തവാടി സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് തിരുത്തിയാണ് സുനില്‍കുമാര്‍ വ്യാജരേഖയുണ്ടാക്കിയത്. വടകരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് 2024 ജനുവരി മാസത്തിലായിരുന്നു വിവാഹം. വിവാഹം നടത്തികൊടുത്തതിന് ഇയാള്‍ എഴുപതിനായിരും രൂപ പ്രതിഫലമായി വാങ്ങുകയും ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്നറിഞ്ഞിട്ടും വിവാഹം ചെയ്തതിനാലാണ് സുജിത്തിനെ പോലീസ് ഒന്നാംപ്രതി ചേര്‍ത്തത്. കഴിഞ്ഞ വെള്ളിയാഴ്ച മീനങ്ങാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ശനിയാഴ്ചയാണ് എസ്.എം.എസിന് കൈമാറിയത്. തുടര്‍ന്ന് അന്ന് തന്നെ സുജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നിയമത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുള്ള അജ്ഞത മുതലെടുത്താണ് സുനില്‍ വ്യാജരേഖയുണ്ടാക്കിയത്. മാത്രമല്ല പട്ടിക വർഗവിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുൻപ് ഒട്ടേറെ കേസുകളുണ്ടായിരുന്നെങ്കിലും വിവാഹത്തിനു കൂട്ടുനിന്നതിന് ഇടനിലക്കാരൻ അറസ്റ്റിലായ സംഭവം മുൻപ് ഉണ്ടായിട്ടില്ല.
Summary: a- 40 year old married a 16 year old girl by forging adocument