ജില്ലയില്‍ വിവിധ സ്‌റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതി; പേരാമ്പ്ര സ്വദേശിയായ പതിനേഴുകാരന്‍ പിടിയില്‍
പേരാമ്പ്ര: ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ പ്രതിയായ പതിനേഴു വയസ്സുകാരന്‍ പിടിയില്‍. പേരാമ്പ്ര സ്വദേശിയായ കുട്ടിയെ പിടികൂടിയത് വെള്ളയില്‍ ഇന്‍സ്‌പെക്ടര്‍ ബാബുരാജും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന്.
കോഴിക്കോട് കൈരളി തിയറ്ററില്‍ നിന്നും കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തിലും ഈ വര്‍ഷം ജനുവരി മാസത്തിലും സ്‌കൂട്ടര്‍ മോഷ്ടിച്ചതായും കോഴിക്കോട് കടപ്പുറത്ത് നിന്നും ചുവപ്പ് പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതായും ചോദ്യം ചെയ്യലില്‍ കുട്ടി സമ്മതിച്ചു. കൂട്ടുകാരനോടൊപ്പം മോഷ്ടിക്കുന്ന ഈ വാഹനങ്ങള്‍ പിടിക്കപ്പെടാതിരിക്കാന്‍ വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കാറുണ്ടെന്നും കുട്ടി പറഞ്ഞു.
എലത്തൂര്‍ പോലീസ് പരിധിയിലെ കടയില്‍ നിന്നും പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ നിന്നും സി.സി.ടി.വി പരിശോധന നടത്തിയ അന്വേഷണ സംഘം പേരാമ്പ്രയിലെത്തുകയായിരുന്നു.
മോഷണത്തിനു ശേഷം ഡല്‍ഹിയിലേക്ക് ഒളിവില്‍ പോയ കുട്ടിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയായിരുന്നു. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ.സുജിത്ത്, വെള്ളയില്‍ സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.