നന്തി ബസാര്‍ സ്വദേശിനിയായ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ അന്താരാഷ്ട്ര റേറ്റിംഗ്
നന്തി ബസാര്‍: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസുകാരി നാസിയ അബ്ദുള്‍ കരീമിന് ചെസ്സില്‍ ലോകസംഘടനയായ ഫിഡെയുടെ അംഗീകാരം. മെയ് മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കാര്‍പോവ്സ് ലെഗസി ഇന്റര്‍ നാഷണല്‍ ചെസ്സ് ഫെസ്റ്റിവല്‍ 2024 ചെസ്സ് ടൂര്‍ണമെന്റില്‍ റേറ്റഡ് താരങ്ങള്‍ക്കെതിരെ നേടിയ വിജയങ്ങളാണ് നാസിയ അബ്ദുള്‍ കരീമിന് ചെസ്സിലെ അന്താരാഷ്ട്ര സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗ് ലഭിച്ചത്.
നന്തി ബസാറിലെ വീരവഞ്ചേരി സ്വദേശി ഐ.ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയായ അബ്ദുള്‍ കരീമിന്റെയും നുസ്രയുടെയും മകളായ നാസിയ ചിങ്ങപുരം സി.കെ.ജി. മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇതേ സ്കൂളില്‍ ഈ വര്‍ഷം ചെസ്സില്‍ സ്റ്റാന്‍ഡേര്‍ഡ് റേറ്റിംഗ് നേടുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് നാസിയ അബ്ദുള്‍ കരീം.
ജൂലൈ ഒന്നിനു ചെസിന്റെ ലോകസംഘടന പ്രസിദ്ധീകരിച്ച സ്റ്റാന്‍ഡേര്‍ഡ് ചെസ്സ് റേറ്റിംഗ് ലിസ്റ്റില്‍ ഇതേ സ്കൂളിലെ അനന്തകൃഷ്ണന്, മാനവ് ദീപ്ത് എന്നിവര്‍ ഇടം പിടിച്ചിരുന്നു. ഞായറാഴ്ചകളില്‍ കൊയിലാണ്ടിയിലെ ലിറ്റില്‍ മാസ്റ്റേഴ്സ് ചെസ്സ് സ്കൂളില്‍ നിന്നും ലഭിക്കുന്ന ചിട്ടയായ ചെസ്സ് പരിശീലനമാണ് നാസിയ അബ്ദുള്‍ കരീമിനെ അഭിമാന നേട്ടത്തിലെത്തിച്ചത്.