അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യം വീണ്ടെടുത്തു, നെഗ്ളീരിയ ഫൗളറി പി.സി.ആര്‍. പോസിറ്റീവ് കേസില്‍ ആരോഗ്യനില വീണ്ടെടുക്കുന്നത് ഇന്ത്യയില്‍ ആദ്യമെന്ന് വിദഗ്ദര്‍


കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടി നാളെ (തിങ്കളാഴ്ച) ആശുപത്രി വിടും. കുട്ടിയുടെ പി.സി.ആര്‍. പരിശോധനാ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ആവുന്നത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിള്‍ പരിശോധനാ ഫലം ആണ് നെഗറ്റീവ് ആയത്.

കുട്ടിയുടെ ആരോഗ്യനില നിലവില്‍ ഭേതമായെന്നും നിലവില്‍ വാര്‍ഡിലാണ് ഉള്ളതെന്നും വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലായ് മാസം ആദ്യവാരമായരുന്നു പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നെഗ്ളീരിയ ഫൗളറി പി.സി.ആര്‍. പോസിറ്റീവ് ആയ കേസുകളില്‍ ആരോഗ്യനില വീണ്ടെടുക്കുന്നത് രാജ്യത്ത് ഇതാദ്യമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. പതിനാലുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി വിളിച്ചുചേര്‍ത്ത് തിക്കോടി പഞ്ചായത്തിലെയും പയ്യോളി മുനിസിപ്പാലിറ്റികളിലെയും ജലാശയങ്ങള്‍ ക്ലോറിനേഷന്‍ ചെയ്യാന്‍ തീരുമാനിക്കുകയും ആശാവര്‍ക്കര്‍മാരെ ഇതിനായി നിയോഗിക്കുകയും ചെയ്തിരുന്നു.