പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങളെ തിരിച്ചറിയുക; സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി


കൊയിലാണ്ടി: പാര്‍ട്ടി വിരുദ്ധരുടെ നുണ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യവുമായി സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കി. കഴിഞ്ഞ ദിവസം സി.പി.എം മുന്‍ ഏരിയ സെക്രട്ടറി എന്‍.വി ബാലകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ ഇട്ട കുറിപ്പാണ് ഇത്തരത്തിലുള്ള പ്രസ്താവനയിറക്കാന്‍ സി.പി.എം നെ നയിച്ചത്. സി.പി.എം ന്റെ കൊയിലാണ്ടി ഏരിയ നേതാക്കള്‍ അഴിമതിക്കാരും റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളവരും ആണെന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കള്ള പ്രചരണങ്ങള്‍ളില്‍ ജാഗ്രതപാലിക്കണമെന്നാവശ്യപ്പെട്ടാണ് സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി പ്രസ്താവനയിറക്കിയിരിക്കുന്നത്.

 

പ്രസ്താവനയുടെ പൂർണരൂപം

കൊയിലാണ്ടി
സി പി ഐ എം സംസ്ഥാന ജില്ലാ നേതൃത്വത്തിനും പാർട്ടിക്കുമെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പാർട്ടി വിരുദ്ധരെ തിരിച്ചറിയാനും നുണപ്രചാരണങ്ങൾക്ക് എതിരായി ശക്തമായി പ്രതികരിക്കാനും പാർട്ടി പ്രവർത്തകരും ബഹുജനങ്ങളും രംഗത്തിറങ്ങണമെന്ന് സി പി ഐ എം കൊയിലാണ്ടി ഏരിയാ കമ്മറ്റി അഭ്യർത്ഥിച്ചു.പാർട്ടി നേതാക്കൾ അവിഹിതമായി സ്വത്ത് സമ്പാദിക്കുന്നവരും റിയൽ എസ്റേററ്റ് മാഫിയ കൂട്ടുകെട്ട് ഉള്ളവരും ആണെന്ന് ദൃശ്യമാധ്യമത്തിലും, സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്നതിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ പാർട്ടിയുടെ മുൻ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയും പിന്നീട് അച്ചടക്ക നടപടിക്ക് വിധേയനായി പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത എൻ വി ബാലകൃഷ്ണനാണ്. പാർട്ടി ഘടകങ്ങളിലെ ഏതൊരു സഖാവിനെ സംബന്ധിച്ചും പരാതി ലഭിച്ചാൽ അത് സംബന്ധിച്ച് അന്വേഷണം നടത്തി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതിയാണ് എക്കാലത്തും സി പി ഐ എം കൈക്കൊണ്ടിട്ടുള്ളത്.12 വർഷം മുൻപ് അത്തരമൊരു അഴിമതി ആരോപണത്തെ തുടർന്നാണ് എൻ വി ബാലകൃഷ്ണന് എതിരായി അച്ചടക്ക നടപടി പാർട്ടി കൈക്കൊണ്ടത്.

പാർട്ടി ഏരിയാ കമ്മിറ്റിയുടെ ഫണ്ടും ഏരിയാ കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ടും തിരിമറി നടത്തി കൈക്കലാക്കിയത് കൊണ്ട് പുറത്തു പോകേണ്ടി വന്ന ഒരാൾക്ക് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ മാധ്യമങ്ങളിൽ ചിലർ നടത്തുന്ന പ്രവർത്തനം അപഹാസ്യമാണ്. സി പി ഐ എം ഇരുപതാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊയിലാണ്ടി ഏരിയാ സമ്മേളനം നടേരി സമ്മേളനത്തിന് ശേഷമാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

2013 ഒക്ടോബർ 18ന് ചേർന്ന ഏരിയാ കമ്മററി യോഗത്തില്‍ തൻ്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്ന് ബാലകൃഷ്ണൻ സ്വയം സമ്മതിക്കുകയും ആറു മാസത്തിനകം പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ പിൻബലത്തിൽ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കുകയും ബാലകൃഷ്ണനെ പരസ്യമായി ശാസിക്കാനും പാർട്ടിയിലാകെ റിപ്പോർട്ട് ചെയ്യാനും ഏരിയാ കമ്മിറ്റി തീരുമാനിച്ചു.

പിന്നീട് ബഹറൈനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 4 പി എം ന്യൂസ് എന്ന പത്രത്തിൽ ബാലകൃഷ്ണൻ തുടർച്ചയായി പാർട്ടി വിരുദ്ധ ലേഖനങ്ങൾ എഴുതുന്നതായി പാർട്ടി സംസ്ഥാന കമ്മറ്റിക്ക് പരാതി ലഭിക്കുകയും പാർട്ടി നയങ്ങളും തത്വങ്ങളും ലംഘിക്കുന്ന നിലപാട് സംബന്ധിച്ച് 2014 ജനുവരി 3ന് ചേർന്ന ഏരിയാ കമ്മറ്റി യോഗം ചർച്ച ചെയ്യുകയുണ്ടായി. ലേഖനങ്ങളിൽ വന്ന പാർട്ടി വിരുദ്ധ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്ന നിലയിൽ ബാലകൃഷ്ണൻ ഏരിയാ കമ്മറ്റി യോഗത്തിൽ നിലപാട് കൈക്കൊണ്ട സാഹചര്യത്തിൽ പുറത്താക്കൽ എന്ന കടുത്ത നടപടിയിലേക്ക് പോകാതെ പാർട്ടി അംഗത്വത്തിൽ നിന്നും ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്യുകയുണ്ടായി. നടപടി ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റിക്ക് അപ്പീൽ നൽകുകയും അതിൻ്റെയടിസ്ഥാനത്തിൽ സസ്പൻഷൻ അവസാനിപ്പിക്കാനും പാർട്ടി യുടെ കുറുവങ്ങാട് ബ്രാഞ്ചിൽ ഉൾപ്പെടുത്താനും 2016 ഡിസംബർ 7 ന് ചേർന്ന ഏരിയാ കമ്മററി യോഗം തീരുമാനിച്ചു.

ആറു മാസത്തിനകം പണം ഏരിയാ കമ്മറ്റിക്ക് തിരിച്ചടക്കാം എന്ന ഉറപ്പ് ബാലകൃഷ്ണൻ പാലിച്ചില്ല. 3 ഘട്ടങ്ങളിലായി കത്ത് കൊടുത്തിട്ടും പണം തിരിച്ചടയ്ക്കാത്ത സാഹചര്യത്തിലാണ് രണ്ടു വർഷത്തിനു ശേഷം പാർട്ടി അംഗത്വത്തിൽ നിന്നും ബാലകൃഷ്ണനെ ഒഴിവാക്കിയത്.പാർട്ടി യിൽ നിന്നും പുറത്തുപോകേണ്ടി വന്ന മേൽപ്പറഞ്ഞ തെറ്റുകൾ മറച്ചു പിടിച്ച് പാർട്ടിയേയും പാർട്ടി നേതാക്കളേയും നിരന്തരം തെറി പറയുന്ന രീതിയാണ് ബാലകൃഷ്ണൻ തുടർന്നു വരുന്നത്. സമചിത്ത നഷ്ടപ്പെട്ട നിലയിൽ സി പി ഐ എമ്മിന് എതിരെ തെറിയഭിഷേകം നടത്തുകയും സി എച്ച് കണാരനെന്ന മഹാനായ നേതാവിനെ പോലും ഇകഴ്ത്തി കാണിക്കുകയും കഴിഞ്ഞ പാർലമെൻറ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് വേണ്ടി കുഴലൂത്ത് നടത്തുകയും ചെയ്ത ഇദ്ദേഹത്തിൻ്റെ പൊയ്മുഖം തിരിച്ചറിയണമെന്ന് സി പി ഐ എം ഏരിയാ കമ്മറ്റി അഭ്യർത്ഥിച്ചു