”എല്ലാതരത്തിലും അഴിമതിയാണ് ആശുപത്രിയില്‍, ഈ അവസ്ഥയില്‍ നടക്കുന്ന എച്ച്.എം.സി യോഗത്തില്‍ യാതൊരു പ്രതീക്ഷയുമില്ല” എച്ച്.എം.സി യോഗം നടക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
കൊയിലാണ്ടി: എച്ച്.എം.സി യോഗം നടക്കുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി ഹാളിന് സമീപത്തേക്ക് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, ഡി.പി.എം എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തിലേക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചുമായെത്തിയത്. ആശുപത്രി സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളടക്കം തുറസ്സായ സ്ഥലത്തെ കുഴിയില്‍ ഒഴുക്കിവിട്ടിടത്ത് ചത്ത മത്തി നിക്ഷേപിച്ചുകൊണ്ടാണ് സമരം ആരംഭിച്ചത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രി പൊതുജനങ്ങളോട് തുടര്‍ച്ചയായിട്ട് നടത്തിവരുന്ന വെല്ലുവിളിയില്‍ പ്രതിഷേധിച്ചാണ് ഇന്ന് മാര്‍ച്ചെന്ന് അരുണ്‍ മണമല്‍ പറഞ്ഞു. ദീര്‍ഘകാലമായി ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഏതെങ്കിലും തരത്തില്‍ അത് പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ നിന്നുള്ള വെള്ളവും ശുചിമുറികളില്‍ നിന്നുള്ള വെള്ളവുമെല്ലാം പമ്പു ചെയ്ത് തുറന്നിട്ട കുഴിയിലേക്കാണ് തള്ളിവിടുന്നത്. ദുര്‍ഗന്ധത്താലും മറ്റും ആ ഭാഗത്തേക്ക് കടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അസുഖം ബാധിച്ച് ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് മറ്റ് അസുഖങ്ങള്‍ കൂടി പിടിപെടുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിി.
നിലവിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാനായി ജനങ്ങളില്‍ നിന്നും 1കോടി 75രൂപ പിരിച്ചെടുത്തിരുന്നു. ഈ തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുകയാണ്. എന്നിട്ടുപോലും ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ആവശ്യമായ തരത്തിലുള്ള ടാങ്ക് സ്ഥാപിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്ന് രാജേഷ് കീഴരിയൂർ കുറ്റപ്പെടുത്തി.
എല്ലാതരത്തിലും അഴിമതിയാണ് ആശുപത്രിയില്‍. സ്‌പെഷ്യാലിറ്റി ഒ.പികളില്‍ 30 ടോക്കണ്‍ മാത്രമാണ് പലപ്പോഴും നല്‍കുന്നത്. ലക്ഷ്യ പദ്ധതിയുടെ കീഴില്‍ കോടികള്‍ ചെലവഴിച്ച് കെട്ടിടവും സൗകര്യവുമൊരുക്കിയിട്ടും അത് ഉപയോഗിക്കുന്നില്ല. ചര്‍മ്മ രോഗത്തിനുള്ള ഡോക്ടര്‍ മൂന്നുമാസമായി അവധിയെടുത്ത് കോഴിക്കോട് സ്വകാര്യ ക്ലിനിക്ക് നടത്തുകയാണ്. ഇതാണ് അവസ്ഥയെന്നിരിക്കെ ഈ സാഹചര്യത്തില്‍ നടക്കുന്ന എച്ച്.എം.സിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്നു പറഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
മാര്‍ച്ച് ഡി.സി.സി മെമ്പര്‍ രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. അരുണ്‍ മണമല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായിരുന്നു. .