മത്തിയുടെ ‘നല്ലകാലം’ കഴിഞ്ഞു, വില ഇടിഞ്ഞു, ഇനി പഴയതുപോലെ സാധാരണക്കാരന്റെ അടുക്കളയിലേക്ക്
കോഴിക്കോട്: ‘ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടീല്’ എന്ന് പറയാറില്ലേ. ഇപ്പോഴത്തെ അവസ്ഥവെച്ച് ഈ ചൊല്ല് ചെമ്മീനേക്കാള്‍ ചേരുന്നത് മത്തിക്കാണ്. ചാടിച്ചാടിപ്പോയ മത്തിയുടെ വില ഇപ്പോള്‍ പഴയപടിയായിരിക്കുകയാണ്.
400 രൂപയിലധികം ഉയര്‍ന്ന മത്തി വില കൊല്ലം ജില്ലയിലെ വിപണികളില്‍ ഇപ്പോള്‍ കിലോയ്ക്ക് നൂറും 120 ഒക്കെയായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ ചെറിയ ഇടവേളയ്ക്കുശേഷം സാധാരണക്കാരന്റെ അടുക്കളയില്‍ മത്തിക്കറിയും, മത്തിവറുത്തതുമൊക്കെ സജീവമായിക്കഴിഞ്ഞു.
ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില്‍ ഉണ്ടായ വര്‍ധനയാണ് ഇപ്പോള്‍ വില കുറയാന്‍ കാരണമായത്. ഇതോടെ മത്തി ആരാധകരുടെ ഏറെ നാളായുള്ള സങ്കടമാണ് അവസാനിച്ചിരിക്കുന്നത്.
പോഷകാഹാരമാണ് മത്തി. പ്രോട്ടീനിന്റെയും ആരോഗ്യകരമായ പോഷകങ്ങളുടെയും മികച്ച ഉറവിടം. ഹൃദയാരോഗ്യത്തിന് നല്ലതായ ഒമേഗ-മൂന്ന് ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. വൈറ്റമിന്‍ എ, ഇ, കെ, ഡി, ബി-1, ബി-2, ബി-6, ബി-12, ധാതുക്കളായ കാല്‍സ്യം, പൊട്ടാസ്യം, നിയാസിന്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം, കാല്‍സ്യം എന്നിവയുടെയും നല്ല ഉറവിടമാണ് മത്തി.
100 ഗ്രാം മത്തിയില്‍ 24. 6 ഗ്രാം പ്രോട്ടീനും 11.4 ഗ്രാം കൊഴുപ്പും ലഭിക്കും. 208 കലോറി ഊര്‍ജവും. കൊഴുപ്പിന്റെ 95 ശതമാനവും അപൂരിത കൊഴുപ്പാണെന്നത് മറ്റൊരു ഗുണം.