പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ


പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്.

10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍ ഭാഗത്താണ് ട്രെയിന്‍ നിര്‍ത്തിയത്. സ്റ്റേഷന്‍ എവിടെയെന്ന് അറിയാതെ പയ്യോളിയില്‍ ഇറങ്ങേണ്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള കനത്ത മഴയെ വകവെക്കാതെ നിരവധി പേര്‍ വഴിയില്‍ ഇറങ്ങുകയുണ്ടായി.

അയനിക്കാട് നിര്‍ത്തിയ ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സപ്രസ്

 

ഇരുപത് മിനിറ്റോളം വഴിയില്‍ കിടന്ന ട്രെയിന്‍ 11.15 ഓടെയാണ് വീണ്ടും വടകരക്ക് പുറപ്പെട്ടത്. വടകരയില്‍ ഇറങ്ങിയ പയ്യോളിക്കാരായ യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുമായി ബഹളം വെച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വാഹനം ഏര്‍പ്പാടാക്കി കൊടുക്കുകയായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് പയ്യോളി സ്‌റ്റേഷന്റെ ബോര്‍ഡ് കാണാന്‍ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയില്‍വേ വ്യക്തമാക്കി.