പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: അഞ്ച് പ്രതികള്‍ക്കെതിരെ പൊലീസിന്റെ കുറ്റപത്രം
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. അറുപത് ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ അഞ്ച് പ്രതികളാണുള്ളത്.
പരാതിക്കാരിയെ ശാരീരികമായി ഉപദ്രവിച്ചെന്നു പറയുന്ന രാഹുലാണ് കേസില്‍ ഒന്നാം പ്രതി. കുട്ടിയെ മാനസികമായി ഉപദ്രവിച്ച രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിനെ നാടുവിടാന്‍ സഹായിച്ച സുഹൃത്തായ രാജേഷും പന്തീരങ്കാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശരത് ലാലുമാണ് നാലും അഞ്ചും പ്രതികള്‍. പ്രതികള്‍ക്കെതിരെ പ്രധാനമായും അഞ്ച് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഗാര്‍ഹിക പീഡനം, വധശ്രമം ഉള്‍പ്പടെയാണിത്.
ഫറൂഖ് എ.സി.പി എബ്രഹാം സാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. രാഹുല്‍ ജര്‍മ്മനിയിലുണ്ടെന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.
കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്‍കിയ ഹര്‍ജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്നാണ് യുവതി പിന്നീട് പറഞ്ഞത്. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.