‘സമരങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുത്തതാണ് നമ്മുടെ ചരിത്രം, കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഈ പണിമുടക്ക് അനിവാര്യം’ ; കൊയിലാണ്ടിയിലെ തൊഴിലാളികള്‍ പ്രതികരിക്കുന്നു
കൊയിലാണ്ടി: സംയുക്ത ട്രേഡ് യുണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പണിമുടക്ക് രണ്ടാം ദിനത്തിലും തുടരുന്നു. തൊഴിലാളികളേയും കര്‍ഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകള്‍ രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. ബി.എം.എസ് ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കിനോട് അനുഭാവ പൂര്‍ണസമീപനം സ്വീകരിച്ചതിനാല്‍ കേരളത്തില്‍ ഹാര്‍ത്താല്‍ പ്രതീതിയാണ് നിലനില്‍ക്കുന്നത്.
48 മണിക്കൂറുള്ള ദേശീയ പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ ആരംഭിച്ച് ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെ നീളും. പാല്‍, പത്രം, ആശുപത്രി, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരപോരാട്ടങ്ങളിലൂടെ അവകാശങ്ങള്‍ നേടിയെടുത്ത ചരിത്രമാണ് നമ്മുടേതെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി, കഷക വിരുദ്ധ നയങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി നടക്കുന്ന ഈ പണിമുടക്ക് അനിവാര്യമാണെന്നും സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി ഷാജി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ വിലര്‍ദ്ധനവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വത്ക്കരണവും തുടരുകയാണ്. തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ദ്ധനവ് സമസ്ത മേഖലകളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മൂന്ന് മാസത്തോളം ഇന്ധന വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഫലം വന്നതിന് പിന്നാലെ ഒരാഴ്ചക്കിടയില്‍ അഞ്ച് രൂപയോളം വര്‍ദ്ധിക്കുകയും ചെയ്തു. ഇതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്റെ കപടമുഖം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സ്വകാര്യ വാഹനങ്ങള്‍ റോഡിലിറക്കരുതെന്ന് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങിയിരുന്നില്ല.
ജനങ്ങള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പ് നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി കേന്ദ്രം വില്‍പ്പന നടത്തുകയാണ്. ലാഭം ലഭിക്കുന്ന കമ്പനികള്‍ പോലും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍പന നടത്തുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതിന് ഉദാഹരണമാണ് എല്‍.ഐ.സിയുടെ സ്വകാര്യ വത്ക്കരണം.
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിലയിടാനുള്ള അധികാരം കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു വര്‍ഷത്തിന് മുകളില്‍ ഡല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. ഒടുവില്‍ കേന്ദ്രത്തിന് കര്‍ഷകരുടെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. തൊഴിലവസരങ്ങളും വിവിധ പദ്ധതികളിലേക്കുള്ള ഫണ്ടുകളും കേന്ദ്രം വെട്ടിക്കുറച്ച് കൊണ്ടിരിക്കുകയാണെന്നും ഇത് സാധാരണക്കാരായ ജനങ്ങളെയാണ് കൂടുതല്‍ ബാധിക്കുകയെന്നും ഷാജി പറഞ്ഞു.
തൊഴിലാളികളെ നിശബ്ധരാക്കുക എന്ന ഉദ്ദേശത്തോടെയാണ് ചര്‍ച്ചയ്ക്ക് അവസരം നല്‍കാതെ തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി യൂണിയനുകളുടെ പ്രവര്‍ത്തനത്തെയും തൊഴില്‍ സുരക്ഷയെയും ബാധിക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായാണ് സംയുക്ത ട്രേഡ് യൂണിയുനുകളുടെ നേതൃത്വത്തില്‍ ദ്വിദിന പണിമുടക്ക് സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ച് കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് അനുകൂലമായ നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതിനെതിരായാണ് സംയുക്ത ട്രഡ് യുണിയന്റെ നേതൃത്വത്തില്‍ ദ്വിദിന പണിമുടക്ക് സംഘടിപ്പിച്ചതെന്നും ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി സന്തോഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നൂറ്റാണ്ടുകള്‍ കൊണ്ട് പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും തൊഴിലാളി വര്‍ഗം നേടിയെടുത്ത അവകാശങ്ങളുടെ വേരറുക്കുന്ന നിയമനിര്‍മ്മാണങ്ങളാണ് നാല് ലേബര്‍ കോഡുകളുടെ രൂപത്തില്‍ മോദി സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.